പ്രവാസകൈരളി പുരസ്കാരം സി. രാധാകൃഷ്ണന്

മസ്കറ്റ്| WEBDUNIA| Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2007 (17:28 IST)
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്‍റെ ഈ വര്‍ഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം സി. രാധാകൃഷ്ണന് സമ്മാനിക്കും. മലയാള സാഹിത്യത്തിനും ഭാഷയ്ക്കുമുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഈ അവാര്‍ഡ്.

സംഘടനയുടെ സാഹിത്യ വിഭാഗം ഉപസമിതിയുടെ ശുപാര്‍ശ പ്രകാരം മലായാള വിഭാഗം മാനേജിംഗ് കമ്മിറ്റിയാണ് വിജയിയെ പ്രഖ്യാപിച്ചത്. 25,000 രൂപയും ഫലകവുമടങ്ങിയ പുരസ്കാ‍രം സംഘടന നവംബര്‍ എട്ട്, ഒന്‍പത് തീയതികളിലായി നടത്തുന്ന കേരളോത്തോട് അനുബന്ധിച്ചുള്ള സംസ്കാരിക സമ്മേളനത്തില്‍ കണ്‍‌വീനര്‍ എബ്രഹാം മത്യു സി. രാ‍ധാകൃഷ്ണന് സമ്മാനിക്കും.

ഇത് മലയാള വിഭാഗത്തിന്‍റെ ആറാമത് പ്രവാസ കൈരളി സാഹിത്യ പുരസ്കാരമാണ്. പെരുമ്പടവം ശ്രീധരന്‍, വി.ദേവന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, വിഷ്ണു നാരായണന്‍ നമ്പൂതിരി സേതു തുടങ്ങിയവരാണ് മുന്‍ വര്‍ഷ ജേതാക്കള്‍.

എല്ലാം മായ്ക്കുന്ന കടല്‍, പുഴ മുതല്‍ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി തുടങ്ങി തീക്കടല്‍ കടഞ്ഞ് തിരുമധുരവും കലികാലവസ്ഥകളും വരെ നാല്‍പ്പതോളം നോവലുകള്‍, എട്ട് ചെറുകഥാ സമാഹാരങ്ങള്‍, കവിതാ സമാഹാ‍രങ്ങള്‍, നാടകങ്ങള്‍, തര്‍ജ്ജമകള്‍, ശാസ്ത്രലേഖനങ്ങള്‍ തുടങ്ങി മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അമൂല്യങ്ങളായ സംഭാവനകളാണ് സി. രാധാകൃഷ്ണന്‍ നല്‍കിയിരിക്കുന്നത്.

1939ല്‍ തിരൂര്‍ ചമ്രവട്ടത്ത് ചക്കുപുരയ്ക്കല്‍ മാധവന്‍ നായരുടെയും ജാനകിയമ്മയുടെയും മൂത്ത മകനായി ജനിച്ച രാധാകൃഷ്ണന്‍റെ വിദ്യാഭ്യാസ ജീവിതം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലും പാലക്കാട് വിക്ടോറിയ കോളജിലുമായിരുന്നു. കൊടൈക്കനാലില്‍ വാന്‍ നിരീക്ഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് സയന്‍റിസ്റ്റായാണ് രാധാകൃഷ്ണന്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

വീക്ഷണം, ഭാഷാപോഷിണി, മനോരമ ഇയര്‍ ബുക്ക് എഡിറ്റര്‍, മാധ്യമം തുടങ്ങി വിവിധ മലയാള മാധ്യമങ്ങളിലും മറ്റ് ഇംഗ്ലീഷ് മാധ്യമങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

കേന്ദ്ര സാ‍ഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാ‍ഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, മുലൂര്‍ അവാര്‍ഡ്, മഹാകവി ജി പുരസ്കാരം, അച്യുത മേനോന്‍ അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, പണ്ഡിറ്റ് കറുപ്പന്‍ അവാര്‍ഡ്, ലളിതാംബിക അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങി 2007ലെ സഞ്ജയന്‍ പുരസ്കാരം വരെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :