പ്രധാനാധ്യാപികയുടെ മാനസിക പീഡനം; സഹ അധ്യാപിക ആശുപത്രിയില്‍

സ്ഥലം മാറിപ്പോയ മുന്‍ അധ്യാപികയെ പ്രധാനാധ്യാപിക മാനസികമായി പീഡിപ്പിച്ചതായി പരാതി.

കൊടുങ്ങല്ലൂര്, അധ്യാപിക, ആശുപത്രി kodungalloor, teacher, hospital
കൊടുങ്ങല്ലൂര്| സജിത്ത്| Last Modified വ്യാഴം, 23 ജൂണ്‍ 2016 (16:17 IST)
സ്ഥലം മാറിപ്പോയ മുന്‍ അധ്യാപികയെ പ്രധാനാധ്യാപിക മാനസികമായി പീഡിപ്പിച്ചതായി പരാതി. സ്ഥലം മാറിപ്പോയതിന്റെ രേഖകളൊന്നും തനിക്ക് നല്‍കിയില്ലെന്ന് നിസമോള്‍ ആരോപിച്ചു.

കരൂപ്പടന്ന സ്കൂളില്‍ അധ്യാപികയായിരിക്കെ മൂന്നുമാസം മുമ്പ് സ്ഥലം മാറിപ്പോയ തനിക്ക് ആ സ്കൂളിലെ പ്രധാനാധ്യാപിക സില്‍വി തോമസ് എല്‍ പി സി (ലിസ്റ്റ് പേ സര്‍ട്ടിഫിക്കറ്റ്) നല്‍കാത്തതിനാല്‍ കഴിഞ്ഞ മൂന്നുമാസമായി ശമ്പളം ലഭിച്ചില്ലെന്നാണ് അധ്യാപിക നിസമോളുടെ പരാതി.

കൂടാതെ ഓരോരൊ കാരണങ്ങള്‍ പറഞ്ഞ് പ്രധാനാധ്യാപിക തന്റെ എല്‍ പി സി തടയുകയായിരുന്നു. ഒടുവില്‍ അധ്യാപിക ലൈബ്രറി ചാര്‍ജ് വഹിച്ച 2011 മുതലുള്ള പുസ്തകങ്ങളുടെ ബാധ്യത ഏറ്റെടുത്തതായി മുദ്രപ്പത്രത്തില്‍ എഴുതി ഒപ്പിട്ട് നല്‍കണമെന്ന് പ്രധാനാധ്യാപിക ആവശ്യപ്പെട്ടതെന്നും കെ എസ് ടി എ കൊടുങ്ങല്ലൂര്‍ ഏരിയാ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.

എന്നാല്‍ 2011ല്‍ ലൈബ്രറിയിലെ പുസ്തകങ്ങളുടെ കണക്ക് എടുത്തായിരുന്നില്ല നിസമോള്‍ ചുമതല ഏറ്റെടുത്തത്. അതിനാല്‍ ലൈബ്രറി തുടങ്ങിയത് മുതലുള്ള പുസ്തകങ്ങളുടെ ഉത്തരവാദിത്തം ടീച്ചര്‍ക്കായിരിക്കുമെന്ന സ്ഥിതിയാണ് ഉണ്ടാകുക. ഇതുസംബന്ധിച്ച സംസാരത്തിനിടെയാണ് അധ്യാപിക മോഹാലസ്യപ്പെട്ട് വീണതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സ്കൂളില്‍ മോഹാലസ്യപ്പെട്ട് വീണതിനെ തുടര്‍ന്ന് നിസമോളെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് പ്രധാനാധ്യാപികയാ‍യ സില്‍വി തോമസിനെതിരെ മാനസികമായി പീഡിപ്പിച്ച കുറ്റത്തിന് നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടത്.

അതേസമയം താന്‍ ആരേയും മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും കാര്യങ്ങള്‍ പറയുക മാത്രമാണ് ചെയ്തതെന്നും ആ അധ്യാപികയുടെ പ്രവൃത്തിമൂലം തനിക്കും മാനസിക പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രധാനാധ്യാപിക ആരോപിച്ചു. ലൈബ്രറി പുസ്തകങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നും അതിനു മുമ്പ് എല്‍ പി സി ആവശ്യമാണെങ്കില്‍ മുദ്രപ്പത്രത്തില്‍ എഴുതി നല്‍കാനുമാണ് താന്‍ പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :