പെരിഞ്ഞനം കൊലപാതകം: പ്രതിക്ക് വധശിക്ഷ

തൃശൂര്‍| M. RAJU| Last Modified ശനി, 31 മെയ് 2008 (15:16 IST)
പെരിഞ്ഞനം ഇരട്ടക്കൊലപാതക കേസില്‍ പ്രതി ജയാനന്ദന്‌ തൃശൂര്‍ ജില്ലാ സെഷന്‍സ്‌ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഇയാള്‍ കുറ്റക്കാരനാണെന്ന്‌ കോടതി ജഡ്‌ജ്‌ ബി. കമാല്‍പാഷ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ദൃക്‌സാക്ഷികള്‍ ആരുമില്ലാതിരുന്ന കേസില്‍ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ പ്രോസിക്യൂഷന്‍ കേസ്‌ നടത്തിയത്‌. 2004 ഒക്ടോബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പെരിഞ്ഞനം കോവിലകം കളപ്പുരയ്‌ക്കല്‍ സഹദേവന്‍, ഭാര്യ നിര്‍മല എന്നിവരെ തലയ്‌ക്കടിച്ചുകൊല്ലുകയും കവര്‍ച്ച നടത്തുകയും ചെയ്‌തു എന്നാണ്‌ കേസ്‌.

മതിലകം പോലീസും ക്രൈം ബ്രാഞ്ചും ഈ കേസ്‌ അന്വേഷിച്ചുവെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. മറ്റൊരു കേസുമായി ബന്ധപ്പെട്ട്‌ മാള ചെത്തുരുത്തിയില്‍ കുറുപ്പം വീട്ടില്‍ ജയാനന്ദനെ അറസ്റ്റുചെയ്‌ത്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ ഈ കേസില്‍ ഇയാളുടെ പങ്ക്‌ വ്യക്തമായത്‌. മോഷണശ്രമത്തിന്‍റെ ഭാഗമായാണ്‌ കൊലപാതകങ്ങള്‍ നടത്തിയതെന്ന്‌ ജയാനന്ദന്‍ പൊലീസിനോട്‌ സമ്മതിച്ചു.

42 സാക്ഷികളെയും 45 രേഖകളും 22 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ പി.കെ. പുഷ്‌പാംഗദന്‍, അഡ്വ. സുരേഷ്‌ എന്നിവര്‍ ഹാജരായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :