പിള്ളയെ പുറത്താക്കണമെന്ന് മാണി; വാതില്‍ തുറന്ന് എല്‍ ഡി എഫ്

തിരുവനന്തപുരം| Joys Joy| Last Modified ചൊവ്വ, 27 ജനുവരി 2015 (08:58 IST)

ഐക്യമുന്നണിയില്‍ ആര്‍ ബാലകൃഷ്‌ണ പിള്ളയുടെ ഭാവി എന്താണെന്ന് ബുധനാഴ്ച അറിയാം. നാളെ ചേരുന്ന യു ഡി എഫ് യോഗം പിള്ളയെ തള്ളണമോ കൊള്ളണമോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളും. അതേസമയം, ബുധനാഴ്ച നടക്കുന്ന യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കാന്‍ പിള്ളയ്ക്ക് ക്ഷണമില്ല. മുന്നണിയുടെ പൊതുവികാരം മാനിച്ചാണ് പിള്ളയെ ക്ഷണിക്കാത്തതെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ തങ്കച്ചന്‍ പറഞ്ഞു.

ഇതിനിടെ, പിള്ളയെ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് ബാര്‍കോഴയില്‍ ആരോപണവിധേയനായ കെ എം മാണി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ . ബിജു രമേശുമായുള്ള സ്വകാര്യസംഭാഷണത്തില്‍ മാണിക്കെതിരെ പിള്ള കോഴയാരോപണങ്ങള്‍ ഉന്നയിക്കുന്നതിന്റെ ശബ്‌ദരേഖ പുറത്തുവന്നിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് യു ഡി എഫ് യോഗം ചേരുന്നത്.

ബുധനാഴ്ച ചേരുന്ന യു ഡി എഫ് യോഗത്തില്‍ പിള്ളയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മുന്നണിയില്‍ നിന്ന് തന്നെ പുറത്താക്കിയാല്‍ താന്‍ സന്തോഷത്തോടെ അതു സ്വാഗതം ചെയ്യുമെന്ന് പിള്ള വ്യക്തമാക്കിയിരുന്നു. മുന്നണിയില്‍ നിന്ന് പുറത്താക്കിയാല്‍ താന്‍ കൂടുതല്‍ ശക്തനാകുമെന്നും പിള്ള പറഞ്ഞിരുന്നു.

ഇതിനിടെ, മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം പിള്ള ഞായറാഴ്ച രാജിവെച്ചിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതോടെ പാര്‍ട്ടി നേതാവ് മനോജ് മുഖാന്തരം രാജിക്കത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറുകയായിരുന്നു. ചെയര്‍മാന്‍ എന്ന നിലയില്‍ അനുവദിച്ചിരുന്ന ഔദ്യോഗിക വാഹനമായ 27മത് നമ്പര്‍ സ്റ്റേറ്റ് കാര്‍ ഞായറാഴ്ച ടൂറിസം വകുപ്പിന് മടക്കി നല്കുകയും ചെയ്തിരുന്നു. ഇതിനിടെ പിള്ളയോട് മൃദുസമീപനവുമായി എല്‍ ഡി എഫ് രംഗത്തെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :