പാചകവാതക വിലവര്‍ധന: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പാചകവാതക സിലിണ്ടറിന്റെ വിലവര്‍ധന സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ടി എം തോമസ് ഐസക്കാണ് ഇതുസംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പാചകവാതക സിലിണ്ടറിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം പരിഹരിച്ചുവെന്ന് ഭക്‌ഷ്യസിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് മറുപടി നല്‍കി. വിലവര്‍ധന സംബന്ധിച്ച് ആശങ്കവേണ്ട. സബ്‌സിഡി സിലിണ്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് പഴയവിലയില്‍ തന്നെ ലഭിക്കുമെന്നും അനൂപ് ജേക്കബ് അറിയിച്ചു.

എല്‍.പി.ജി സബ്‌സിഡി വിതരണം ആധാര്‍ കാര്‍ഡ് വഴി നടപ്പാക്കരുതെന്നാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി തുടര്‍ന്ന് പറഞ്ഞു. രണ്ട് മാസം കൊണ്ട് ആധാറുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാനാകില്ല. ഇതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടിടുണ്ട്. സിലിണ്ടര്‍ വിതരണത്തിലെ കാലതാമസം പരിഹരിക്കാന്‍ പെട്രോളിയം കമ്പനികളുമായി ചര്‍ച്ചനടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് താത്പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. ഇപ്പോഴത്തെ വിലവര്‍ധന ഇടിവെട്ടിയവനെ പാമ്പുകടിച്ചതുപോലെയാണെന്നും ഇതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയാണെന്നും വി എസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :