പന്നിയാര്‍ ദുരന്തത്തിന് ഒരാണ്ട്

ഇടുക്കി| M. RAJU|
പന്നിയാറില്‍ പെന്‍‌സ്റ്റോക് പൈപ്പ് പൊട്ടി ദുരന്തം ഉണ്ടായിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഏഴ് കെ.എസ്.ഇ.ബി ജീവനക്കാര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത ദുരന്തത്തില്‍ ഒട്ടേറെ കുടുംബങ്ങള്‍ക്ക് വീടും കൃഷിയിടങ്ങളും നഷ്ടമായി.

പൊന്മുടി അണക്കെട്ടില്‍ നിന്നും പന്നിയാര്‍ പവര്‍ ഹൌസിലേക്ക് വെള്ളം എത്തിക്കുന്ന പെന്‍‌സ്റ്റോക് പൈപ്പുകളില്‍ ഒന്നാണ് കഴിഞ്ഞ സെപ്റ്റംബര്‍ 17ന് വൈകിട്ട് പൊട്ടിയത്. ജലപ്രവാഹത്തില്‍ ഭാഗ്യം കൊണ്ട് മാത്രമാണ് ചിലര്‍ രക്ഷപ്പെട്ടത്. ജലപ്രവാഹം നിയന്ത്രിക്കുന്നതിനായി വാല്‍‌വ് ഹൌസില്‍ കയറിയ എട്ട് കെ.എസ്.ഇ.ബി ജീവനക്കാരാണ് അപകടത്തില്‍ പെട്ടത്.

അസിസ്റ്റന്‍റ് എഞ്ചിനീയര്‍ കെ.എല്‍ ജോര്‍ജ്, ഓവര്‍സീയര്‍ ഷിബു, ജോമെറ്റ് ജോണ്‍, റജി, ഡ്രൈവര്‍ സണ്ണി, ജോബി ആന്‍റണി, ജിയോ സേവ്യര്‍, ജയ്സണ്‍ എന്നിവരെ കാണാതാവുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട തെരച്ചിലില്‍ ഏഴു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പന്നിയാറിലെ ലൈന്മാനായിരുന്ന ജയ്‌സണിന്‍റെ മൃതദേഹം കണ്ടെടുക്കാനുമായില്ല.

ഭീകര ദുരന്തത്തിന്‍റെ ദു:ഖസ്മരണകളിലാണ് ഇപ്പോഴും നാട്ടുകാരും. ദുരന്തത്തില്‍ പതിനാല് കുടുംബങ്ങള്‍ക്ക് സര്‍വ്വതും നഷ്ടപ്പെട്ടു. കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്സില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ട ഇവര്‍ക്ക് രണ്ടുമാസം മുമ്പ് മാത്രമാണ് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. തകര്‍ന്ന പെന്‍സ്റ്റോക് പൈപ്പുകള്‍ പുനസ്ഥാപിക്കുന്നതിന് പവര്‍ഹൌസ് പ്രവര്‍ത്തനക്ഷമമാക്കുന്നതിനോ കെ.എസ്.ഇ.ബിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :