പത്തുകോടി ആരോട്, എപ്പോള്‍, എവിടെവെച്ച് ആവശ്യപ്പെട്ടുവെന്ന് മന്ത്രി

തിരുവനന്തപുരം| JOYS JOY| Last Updated: ചൊവ്വ, 31 മാര്‍ച്ച് 2015 (13:04 IST)
തന്റെമേല്‍ പത്തുകോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശ് താന്‍ എപ്പോഴാണ് പണം ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കണമെന്ന് എക്സൈസ് മന്ത്രി കെ ബാബു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തുകോടി രൂപ താന്‍ ചോദിച്ചിട്ടുണ്ടെങ്കില്‍ എവിടെ വെച്ച്, എപ്പോള്‍, ആരോട്, എന്ന് പണം ചോദിച്ചെന്ന് ബിജു രമേശ് വ്യക്തമാക്കണം. ഇനി പത്തുകോടി തന്നിട്ടുണ്ടെങ്കില്‍ എവിടെ വെച്ച്, ആര്, എപ്പോള്‍ തന്നുവെന്ന് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

ബിജു രമേശിന്റെ ഒമ്പതു ഹോട്ടലുകളില്‍ ഏഴെണ്ണം നയത്തിന്റെ ഭാഗമായി അടച്ചിട്ടുണ്ട്. ഇതില്‍ തന്നോടുള്ള വൈരാഗ്യത്തിന്റെ ഭാഗമായാണ് പുതിയ ആരോപണങ്ങള്‍. താന്‍ മന്ത്രിയായതിനു ശേഷം ബാര്‍ സമയം ആറുമണി മുതല്‍ 12 മണി വരെ ആയിരുന്നത് മൂന്നു മണിക്കൂര്‍ വെട്ടിക്കുറച്ചിരുന്നു. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം 32 എസ് എല്‍ പി ഫയല്‍ സുപ്രീം കോടതിയില്‍ ചെയ്തിട്ടുണ്ട്, ഹൈക്കോടതിയില്‍ 100 ഓളം അപ്പീലുകള്‍ ഉണ്ട്.

താന്‍ വെള്ളം കുടിക്കും എന്ന് ബിജു രമേശ് പറഞ്ഞിരുന്നു. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നാണ് തനിക് ഇതിനുള്ള മറുപടിയെന്നും മന്ത്രി ബാബു പറഞ്ഞു. ബിജു രമേശ് നെടുമങ്ങാടുള്ള ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയ്ക്ക് ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ അപേക്ഷ നല്കിയിരുന്നു. എന്നാല്‍, ദൂരപരിധി നിയമം പരിഗണിച്ച് ലൈസന്‍സ് നല്കാന്‍ തയ്യാറായില്ല.

ബിജു രമേശ് തന്നെ കാണാന്‍ ഒരുതവണ വന്നിട്ടുണ്ട്. അന്ന് പതിനഞ്ചോളം അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ബിജുവിന് ഒപ്പമുണ്ടായിരുന്നു. സര്‍ക്കാര്‍ നയത്തിന്റെ ചര്‍ച്ചയ്ക്കായിട്ട് ആയിരുന്നു വന്നത്. ആ സമയത്ത് ബിജു രമേശിന് ബാര്‍ ലൈസന്‍സ് നല്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമല്ല എന്നായിരുന്നു തന്റെ മറുപടിയെന്നും മന്ത്രി ബാബു പറഞ്ഞു.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷത്തുള്ള ചിലരുടെ കരുവായിട്ടാണ് ബിജു രമേശ് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ഡിസംബര്‍ 15ന് വൈകുന്നേരം ഏഴുമണിക്ക് തിരുവനന്തപുരത്ത് ഒരു പ്രമുഖ പ്രതിപക്ഷ എം എല്‍ എയുടെ വീട്ടില്‍ വെച്ച് ചില പ്രതിപക്ഷ നേതാക്കളുമായി ബിജു രമേശ് ചര്‍ച്ച നടത്തിയിരുന്നു. തങ്ങള്‍ക്ക് 418 ബാറുകള്‍ തുറന്നു തരണമെന്നായിരുന്നു ബിജു രമേശിന്റെ ആവശ്യം. ആദ്യം സര്‍ക്കാരിന് വലിച്ച് താഴെയിട്ടിട്ട് വാ, എന്നിട്ട് ആലോചിക്കാം എന്നായിരുന്നു നേതാക്കളുടെ മറുപടിയെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ കരുവാണ് ബിജു രമേശ് എന്നും കെ ബാബു പറഞ്ഞു. ബിജുവിനെതിരെ മാനനഷ്‌ടത്തിന് വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുപ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം ഒരു രൂപ പോലും കണക്കില്ലാതെ വാങ്ങിയിട്ടില്ലെന്നും മന്ത്രി ബാബു പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :