നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരുള്‍പ്പടെ ഏഴ് പേര്‍ എഫ്‌ഐ‌ആറില്‍

കൊച്ചി| WEBDUNIA|
PRO
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, സോണി എന്നീ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിക്കും.

അഴിമതി,വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതരെ ചുമത്തിയിരിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ സിബിഐ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു.

കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാറിനെ സസ്‌പെന്റ് ചെയ്തു. കസ്റ്റംസ് കമ്മീഷണറുടേതാണ് ഉത്തരവ്. സംഭവത്തിലെ മുഖ്യകണ്ണി ഫായിസ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്‍ കൊടുവള്ളി സ്വദേശി തങ്ങള്‍ റഹീം ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടിയ ശേഷമായിരിക്കും ഫായിസ് കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങുക.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബായിയില്‍ നിന്നും വന്ന രണ്ട് സ്ത്രീകളില്‍ നിന്നും ആറ് കോടി വിലമതിക്കുന്ന 20 കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തതോടെയാണ് ഫായിസ് ഉള്‍പ്പെടെയുള്ള വന്‍ സ്വര്‍ണ്ണക്കടത്ത് മാഫിയയെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്.

പിടിയിലായ സ്ത്രീകള്‍ നല്‍കിയ വിവരം അനുസരിച്ചാണ് ഫായിസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി സ്വദേശി തങ്ങള്‍ റഹിമാണ് മുഖ്യ കണ്ണിയെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :