നിയമനത്തട്ടിപ്പ്: യൂത്തിന്റെ നിയമസഭാമാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2011 (13:44 IST)
പിന്‍വാതില്‍ നിയമനത്തെക്കുറിച്ചും നിയമനത്തട്ടിപ്പിനെക്കുറിച്ചും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണു നാഥ് എം എല്‍ എയ്ക്കും വൈസ് പ്രസിഡന്റ് എം ലിജുവിനും പരുക്കേറ്റു.

പി എസ് സി നിയമനത്തട്ടിപ്പിനെക്കുറിച്ചും പിന്‍വാതില്‍ നിയമനത്തെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധമാര്‍ച്ച്. നിയമസഭാ കവാടത്തിനു മുന്നില്‍ വെച്ച്‌ പോലീസ്‌ ബാരിക്കേഡ്‌ ഉപയോഗിച്ച്‌ മാര്‍ച്ചു തടയുകയായിരുന്നു. തുടര്‍ന്ന്, ബാരിക്കേഡ്‌ തകര്‍ത്ത്‌ നിയമസഭയിലേക്ക്‌ കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ്‌ ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു.

തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ പി സി വിഷ്ണുനാഥ്‌ എം എല്‍ എയ്ക്കും വൈസ്‌ പ്രസിഡന്റ്‌ എം ലിജുവിനും പരുക്കേറ്റു. അതേസമയം, പി എസ് സി നിയമനത്തട്ടിപ്പിനെതിരെയുള്ള പ്രതിഷേധ സമരം തുടരുമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പറഞ്ഞു.

സംഭവമറിഞ്ഞ്‌ എം എല്‍ എമാരായ ജി കാര്‍ത്തികേയന്‍, കെ ബാബു എന്നിവര്‍ സംഭവസ്ഥലത്തെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :