നബിയുടെ മുടി: ലേഖനം വധ ഭീഷണിയിലെത്തി

കോഴിക്കോട്| WEBDUNIA|
PRO
PRO
പ്രവാചകന്റെ തിരുകേശത്തെ കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എഴുതിയ ലേഖനം വിവാദമാവുന്നു. ലേഖനമെഴുതിയതിനെ തുടര്‍ന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരെ പിന്തുണയ്ക്കുന്ന സുന്നികള്‍ തനിക്കെതിരെ നിരന്തരം വധഭീഷണി മുഴക്കുകയാണെന്ന് കാണിച്ച് ഒ അബ്ദുള്ള പൊലീസില്‍ പരാതി നല്‍കി.

കാരന്തൂര്‍ മര്‍ക്കസിലുള്ള മുഹമ്മദ് നബിയുടെ മുടിയുമായി ബന്ധപ്പെട്ടാണ് ഇക്കഴിഞ്ഞ 21 ന് തേജസ് ദിനപ്പത്രത്തില്‍ ഒ അബ്ദുള്ളയുടെ ലേഖനം പ്രസിദ്ധീകരിച്ചത്. കാന്തപുരത്തിന്റെ അനുയായികള്‍ പ്രവാചകന്റേത് എന്ന് പറഞ്ഞ് ഒരു തലമുടി കൊണ്ടുവന്ന് വെള്ളത്തിലിട്ട ശേഷം ആ വെള്ളം അജ്ഞരായ ആളുകള്‍ക്ക് വന്‍‌തുകയ്ക്ക് ലേലം ചെയ്ത് കൊടുത്ത സംഭവമാണ് തന്റെ ലേഖനത്തിന് ആധാരമായതെന്ന് ഒ അബ്ദുള്ള പറയുന്നു.

ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്നുകൊണ്ടുതന്നെ പ്രവാചകന്റേത് എന്ന് സുസ്ഥിരമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചെടുക്കപ്പെടാത്തിടത്തോളം ഈ സംഭവം സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും മഹാന്‍മാരുടെ ശരീരവിസര്‍ജ്യങ്ങള്‍ മറ്റേതൊരാളുടെയും പോലെ ദൂരെ കളയേണ്ടതാണെന്നും താന്‍ എഴുതി. ലേഖനം പ്രസിദ്ധീകരിച്ച ശേഷം തനിക്ക് ലാന്‍ഡ് ഫോണ്‍ വഴിയും മൊബൈല്‍ ഫോണ്‍ വഴിയും നിരന്തരം വധഭീഷണി ഉണ്ടെന്നും ചേകന്നൂര്‍ മൌലവിയെ പോലെ കൊന്നുകളയുമെന്നാണ് ഭീഷണിയെന്നും ഒ അബ്ദുള്ള നല്‍കിയ പരാതിയില്‍ പറയുന്നു.

തന്റെ കോള്‍ ലോഗ് പരിശോധിച്ചാല്‍ പലപ്പോഴും ഒരേ ആള്‍ തന്നെയാണ് ഭീഷണിപ്പെടുത്തുന്നത് എന്ന് മനസ്സിലാവും. ഫെബ്രുവരി 24 ന് കാന്തപുരത്തെ അനുകൂലിക്കുന്ന പത്രമായ സിറാജില്‍ തന്റെ രണ്ട് കൈയും വെട്ടിമാറ്റണം എന്ന് ആഹ്വാനം ചെയ്യുന്ന ഒരു ലേഖനവും പ്രസിദ്ധീകരിച്ചു. ഒ എം തരുവണ എന്നയാള്‍ എഴുതിയ ലേഖനത്തില്‍, പ്രഫസര്‍ ജോസഫിന്റെ കൈ വെട്ടിയത് നബി തിരുമേനിയുടെ പേരിലാണെങ്കില്‍ ഒ അബ്ദുള്ളയുടെ രണ്ട് കൈകളും തോളത്ത് വച്ച് വെട്ടിമാറ്റാന്‍ ഈ ലേഖനത്തില്‍ വകയുണ്ട് എന്ന് പറയുന്നതായും അബ്ദുള്ള തന്റെ പരാതിയില്‍ വിശദീകരിച്ചിട്ടുണ്ട്.

പതിനാല് വര്‍ഷം മാധ്യമത്തിന്റെ സ്ഥാപക പത്രാധിപനായിരുന്ന ഒ അബ്ദുള്ള സാംസ്കാരിക നായകന്‍‌മാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാത്തതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മകരജ്യോതിയുടെ പിന്നാലെ പായുന്നവര്‍ ഇക്കാര്യത്തിലും പ്രതികരിക്കണമെന്നാണ് അബ്ദുള്ള പറയുന്നത്.

(ഖസ്‌റജ് ഗോത്രത്തിന്റെ അദ്ധ്യക്ഷന്‍ ശൈഖ് മുഹമ്മദ് ഖസ്‌റജി പാരമ്പര്യമായി ലഭിച്ച തിരുകേശം കാന്തപുരത്തിന് കൈമാറുന്ന ചിത്രം.)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :