നടിയെ ആക്രമിച്ച കേസ്: അന്വേഷണം ശരിയായ ദിശയിലെന്ന് എഡിജിപി സന്ധ്യ, പള്‍സര്‍ സുനിയുടെ റിമാന്‍ഡ് നീട്ടി

കൊച്ചീ| സജിത്ത്| Last Updated: ചൊവ്വ, 4 ജൂലൈ 2017 (13:58 IST)
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ കോടതി നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിക്കെ സുനിയെയും മറ്റ് പ്രതികളെയും ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയിരുന്നു. തന്റെ അഭിഭാഷകനെ മാറ്റണമെന്ന സുനിയുടെ അപേക്ഷയാണ് കോടതി ഇന്ന് ആദ്യം പരിഗണിച്ചത്.

റിമാൻഡിൽ കഴിയുന്നതിനിടെ തനിക്ക് ജയിലിൽ വെച്ച് മർദ്ദനമേറ്റതായി പൾസർ സുനി കോടതിയില്‍ പറഞ്ഞു. തുടർന്ന് ജയിൽ ഡോക്ടറെ കോടതി വിളിച്ചുവരുത്തി. എന്നാൽ മർദ്ദനമേറ്റെന്ന കാര്യം സുനി തന്നോട് പറഞ്ഞിട്ടില്ലെന്നാണ് ജയിൽ ഡോക്ടർ കോടതിയെ അറിയിച്ചത്. ഇതിനിടെ സുനിയുടെ വക്കാലത്ത് ഏറ്റെടുക്കുന്നത് സംബന്ധിച്ച് കോടതിക്കുള്ളിൽ നാടകീയ രംഗങ്ങള്‍ അരങ്ങേറുകയും ചെയ്തു.

കക്ഷികളെ തേടി വക്കീൽ ജയിലിൽ പോകുന്ന പതിവില്ലെന്ന് ടെനി ആളൂരിനെ പരിഹസിച്ചു. വാക്കുതർക്കം രൂക്ഷമായതോടെ മജിസ്ട്രേറ്റ് ഇടപെട്ട് ആളൂരിനെ താക്കീത് ചെയ്തു. അനാവശ്യ കാര്യങ്ങൾ കോടതിയിൽ പറയരുതെന്ന മുന്നറിയിപ്പും മജിസ്ട്രേറ്റ് ആളൂരിന് നല്‍കി. ജയിലില്‍ പോയി സുനിയുമായി 15 മിനിറ്റോളം താന്‍ കൂടിക്കാഴ്ച നടത്തിയതായി ആളൂര്‍ പറഞ്ഞു.

ചില സുഹൃത്തുക്കളാണ് ഈ കേസ് തന്നെ ഏല്‍പ്പിച്ചതെന്നും ഗൂഢാലോചനയുടെ ചുരുളുകളെല്ലാം ഉടന്‍‌തന്നെ അഴിയുമെന്നും അദ്ദഹം പറഞ്ഞു. അതേസമയം, അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും ഗൂഢാലോചന സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും എഡിജിപി സന്ധ്യയും ഇന്ന് വ്യക്തമാക്കി. ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലീകരിക്കുമെന്നും സന്ധ്യ അറിയിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :