ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വാണിയംകുളത്തെ പി കെ ദാസ് ആശുപത്രിയിയില്‍ ചികിത്സയിലായിരുന്ന നടന്‍ തിലകനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ചു. ഹൃദയാലയ സ്പെഷല്‍ ബ്ലോക്കിലെ ഐസിയുവില്‍ നിരീക്ഷണത്തിലാണ് തിലകനിപ്പോള്‍. പരിശോധനയില്‍ ന്യൂമോണിയയും വൃക്കകള്‍ക്കു തകരാറുണ്ടെന്നും മസ്തിഷ്കാഘാതം സംഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച, പാലക്കാട് കല്ലേപ്പുള്ളിയില്‍ ഒരു സൊസൈറ്റിയുടെ ഉദ്ഘാടനത്തിന് പോകുമ്പോള്‍ യാത്രയ്ക്കിടെയാണ് തിലകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അന്നുതന്നെ ഉച്ചയോടെ, നെഞ്ചുവേദനയും തലവേദനയുമായി തിലകന്‍ പി കെ ദാസ് ആശുപത്രിയിയില്‍ എത്തുകയായിരുന്നു. ആദ്യം ഐസിയുവില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീടു മുറിയിലേക്കു മാറ്റി. യാത്രചെയ്യാം എന്ന അവസ്ഥ ആയപ്പോഴാണ് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ തൃശൂരില്‍ എത്തിച്ചിരിക്കുന്നത്.
തിലകന്‍റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും ആശങ്കാജനകമായി ഒന്നുമില്ലെന്നും സംസാരിക്കാന്‍ കഴിയുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ന്യൂമോണിയബാധ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് തിലകനെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചത്.