നടത്തുന്നത് നട്ടെല്ലുള്ള മാധ്യമപ്രവര്‍ത്തനം, ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട: നികേഷ്കുമാര്‍ പ്രതികരിക്കുന്നു

നികേഷ് കുമാര്‍, റിപ്പോര്‍ട്ടര്‍, അറസ്റ്റ്, ചാനല്‍, മാധ്യമം
Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (18:55 IST)
റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം വി നികേഷ് കുമാറിനെ അറസ്റ്റ് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായിരുന്നു. സര്‍വീസ് ടാക്സ് അടയ്ക്കാത്തതിന്‍റെ പേരിലാണ് നികേഷിനെ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് നികേഷ് തന്നെ റിപ്പോര്‍ട്ടര്‍ വെബ്സൈറ്റിലൂടെ വെളിപ്പെടുത്തുന്നു. നികേഷ് എഴുതിയ തുറന്നകത്തിന്‍റെ പൂര്‍ണരൂപം:

സേവന നികുതിയുടേയും അറസ്റ്റിന്റേയും രാഷ്ട്രീയം: എം വി നികേഷ് കുമാര്‍

1.42 കോടി രൂപയാണ് ഇന്തോ- ഏഷ്യന്‍ ന്യൂസ് ചാനല്‍ എന്ന കമ്പനി നടത്തുന്ന റിപ്പോര്‍ട്ടര്‍ ടെലിവിഷന്‍ ചാനല്‍ സര്‍വീസ് ടാക്‌സ് കൊടുക്കാനുള്ളത്. ഈ തുക ഞങ്ങള്‍ ഹൈക്കോടതിയില്‍ ഡിസ്പ്യൂട്ട് ചെയ്തിട്ടുള്ളതാണ്. ടെലിവിഷന്‍ ചാനലിന് ഒരാള്‍ പരസ്യം നല്‍കിയാല്‍ മൂന്ന് മാസത്തിനും ആറ് മാസത്തിനും ഇടയിലാണ് അതിന്റെ തുക ഈടാക്കാനാവുക. അപൂര്‍വം ചിലര്‍ പരസ്യം ചെയ്ത് മൂന്ന് മാസം കൊണ്ട് തരും. ചിലര്‍ അത് ആറ് മാസം വരെ നീട്ടികൊണ്ട് പോകും. മറ്റു ചിലര്‍ തരികയേ ഇല്ല. അങ്ങനെ തരാത്തതോ തരാന്‍ വൈകിക്കുന്നതോ ആയ ആറ് കോടി രൂപ കിട്ടാക്കടമായി ചാനലിന്റെ ബാലന്‍സ് ഷീറ്റിലുണ്ട്. പിരിഞ്ഞ് കിട്ടാത്ത തുക നികുതിയായി അടയ്ക്കണമെന്ന നിര്‍ബന്ധത്തിനെതിരെ അങ്ങനെയാണ് ഞങ്ങള്‍ ഹൈക്കോടതില്‍ പോയത്.

ഹൈക്കോടതിയില്‍ ഞങ്ങളുടെ വാദം ഇതാണ്

1. ഒരിക്കലും പിരിഞ്ഞ് കിട്ടില്ല എന്ന് ഉറപ്പുള്ള തുകയ്ക്ക് സര്‍വീസ് ടാക്‌സ് ഈടാക്കരുത്. അതിന്മേല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചാര്‍ത്തിയ 18 ശതമാനം പലിശ ഒരു സ്റ്റാന്‍ഡ് എലോണ്‍ ചാനലിനോടുള്ള ക്രൂരതയാണ്.

2. നികുതി അടയ്ക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. പരസ്യ ദാതാക്കളില്‍ നിന്ന് ആറ് കോടി രൂപ പിരിഞ്ഞ് കിട്ടാനുമുണ്ട്. അത് പിരിഞ്ഞ് കിട്ടുന്ന മുറയ്ക്ക് അടയ്ക്കാന്‍ പാകത്തില്‍ തുക വിഘടിപ്പിച്ച് കിട്ടണം. എങ്കിലേ സ്ഥാപനത്തിന് മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയൂ. മാര്‍ച്ച് 23-ന് റിപ്പോര്‍ട്ടര്‍ സ്റ്റുഡിയോയില്‍ എത്തിയ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ഹൈക്കോടതിയില്‍ കേസ് ഉള്ള കാര്യം അറിയിച്ചു. അക്കാര്യം അവര്‍ക്ക് അറിയില്ല എന്നായിരുന്നു മറുപടി. എന്നെ അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വന്നിട്ടുള്ളത് എന്ന് അറിയിച്ചപ്പോള്‍ എല്ലാ ഡിസ്പ്യൂട്ടും മാറ്റി വെച്ച് മുഴുവന്‍ പണവും അടയ്ക്കാം അറസ്റ്റ് ഒഴിവാക്കാമോ എന്ന് ചോദിച്ചു. അതിന് മറുപടി പറയേണ്ടത് തങ്ങളല്ല കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കുകയാണ് എന്നായിരുന്നു മറുപടി. എങ്കില്‍ കമ്മീഷണറുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. ആ ധാരണ പ്രകാരം അറസ്റ്റിന് വന്നവര്‍ സമന്‍സ് തന്നു. പക്ഷെ സെന്‍ട്രല്‍ എക്‌സൈസ് കാര്യാലയത്തിലേക്കുള്ള യാത്രാമധ്യേ കമ്മീഷണറുമായി സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടു. കമ്മീഷണറുടെ ഓഫീസിലേക്ക് പോകുന്നതിന് പകരം ഇതുമായി ബന്ധമില്ലാത്ത മറ്റൊരു ഓഫീസിലെത്തിച്ചു. ഈ ഘട്ടത്തില്‍ മുന്‍ കമ്മീഷണറായ ഡോ കെ.എന്‍ രാഘവനോട് ഞാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. സെന്‍ട്രല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന് നികുതിപ്പണമല്ലേ വേണ്ടത്. ഡിസ്പ്യൂട്ടും കോടതി കേസും മാറ്റി വെച്ച് ഞാന്‍ പണം അടയ്ക്കാം. കമ്മീഷണര്‍ രേഷ്മാ ലഖാനിയുമായി സംസാരിക്കൂ. ഞാനുമായി സംസാരിക്കാന്‍ അവര്‍ കൂട്ടാക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ താന്‍ നിസഹായനാണ് അവര്‍ സ്വന്തം നിലയ്ക്കാണ് തീരുമാനം എടുക്കുന്നത് എന്നായിരുന്നു ഡോ. രാഘവന്റെ മറുപടി. സമന്‍സ് എന്നാല്‍ നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള നോട്ടീസ് ആണ്. ആ അവകാശം ലഭിച്ചിരിക്കും എന്നും ഡോ. രാഘവന്‍ എന്നെ ആശ്വസിപ്പിച്ചു. എന്റെ സംശയം ഞാന്‍ ആവര്‍ത്തിച്ചു. ഇത് ‘സ്‌ക്രിപ്റ്റഡ്’ ആണ്. ഓരോരുത്തരും ഓരോ റോള്‍ വഹിക്കുകയാണ്. ഇവര്‍ക്ക് പണമല്ല ആവശ്യം എന്നെ അറസ്റ്റ് ചെയ്യുകയാണ്. എന്നെ സഹായിക്കാനാവില്ല എന്ന് കൈമലര്‍ത്തിയതോടെ പിന്നെ ഡോ. രാഘവനെ ബുദ്ധിമുട്ടിച്ചില്ല. തുടര്‍ന്ന് ഞാന്‍ വിളിക്കേണ്ടത് കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളേയും സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരെയുമാണ്. അതിനേക്കാല്‍ നല്ലത് ജയിലാണല്ലോ...

എനിക്ക് സമന്‍സ് തന്ന സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് ഞാന്‍ ചോദിച്ചു - “സമന്‍സിലല്ലേ ഞാന്‍ വന്നത്. എന്റെ മൊഴി എടുക്കേണ്ടേ. അത് കണ്‍വിന്‍സിങ് അല്ലെങ്കിലല്ലേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ. ഞാന്‍ മുഴുവന്‍ പണവും ഇന്ന് തന്നെ അടയ്ക്കാന്‍ തയ്യാറാണെന്ന് മൊഴിയെടുക്കണം. ഇരുപത് വര്‍ഷം കൊണ്ട് ഞാന്‍ ഉണ്ടാക്കിയ വിശ്വാസ്യതയുടെ പ്രശ്‌നമാണ് ഇത്. നിങ്ങള്‍ക്ക് ഇത് ദൈനംദിന പ്രവര്‍ത്തനം മാത്രമാണ്”. എന്റെ അഭ്യര്‍ത്ഥനയ്ക്ക് ഫലമുണ്ടായില്ല. കോടതിയില്‍ എത്തും മുമ്പ് ജയിലിലടയ്ക്കാനുള്ള ക്രമീകരണങ്ങള്‍ അവര്‍ പൂര്‍ത്തിയാക്കി. മെഡിക്കല്‍ ടെസ്റ്റ് വരെ എടുത്തു. കോടതി മുറിയില്‍ എത്തിയപ്പോഴാണ് സെന്‍ട്രല്‍ എക്‌സൈസിന്റെ ധൃതിയുടെയും പങ്കപ്പാടിന്റേയും അളവ് ബോധ്യമായത്. റിപ്പോര്‍ട്ടര്‍ ടെലിവിഷന്‍ നികുതി അടവില്‍ വരുത്തിയ വൈകല്‍ സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് പോലും തയ്യാറാക്കാതെയാണ് അവര്‍ കോടതിയില്‍ എത്തിയത്. ചുരുക്കത്തില്‍ ചാനല്‍ എന്ത് കുറ്റമാണ് ചെയ്തത് എന്ന് സംബന്ധിച്ച് കോടതിക്ക് മുന്നില്‍ രേഖാമൂലം സെന്‍ട്രല്‍ എക്‌സൈസ് ഡിപ്പാര്‍ട്ടമെന്റിന് ഒന്നും സമര്‍പ്പിക്കാനുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരെ ശകാരിച്ച കോടതി പക്ഷെ പൊതുപണം സംബന്ധിച്ച വിഷയമായതിനാല്‍ കേസ് പരിഗണിക്കാന്‍ തയ്യാറായി.

അറസ്റ്റ് വാര്‍ത്ത അങ്ങനെ സംഭവിക്കുന്നതിന് മുമ്പ് തന്നെ നവമാധ്യങ്ങളില്‍ വന്നിരുന്നു. അതുകൊണ്ട് ഗുണമുണ്ടായി. എന്റെ അക്കൗണ്ടിലേക്ക് സുഹൃത്തുക്കള്‍ ആരും പറയാതെ പണം അയച്ച് തുടങ്ങിയിരുന്നു. എന്നെ അറിയുന്നവര്‍ സ്വര്‍ണം പണയം വെച്ചും കടം വാങ്ങിയും സഹായിച്ചു. കോടതി കേസ് പരിഗണിക്കുമ്പോഴേക്കും ഒരു കോടി ഇരുപത് ലക്ഷം രൂപ അക്കൗണ്ടിലെത്തി. അരമണിക്കൂര്‍ കൂടി കാത്തിരുന്നാല്‍ ചിലപ്പോള്‍ സെന്‍ട്രല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇങ്ങോട്ട് പണം നല്‍കേണ്ട അവസ്ഥ വരും. കോടതി ചോദിച്ചു ‘നിങ്ങള്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നുണ്ടോ?’. സൂപ്രണ്ട് തല കുലുക്കി. കുലുക്കുന്ന തലയുടെ അര്‍ത്ഥമെന്തെന്ന് മനസിലാക്കാനാകാതെ മജിസ്‌ട്രേറ്റ് വീണ്ടും ചോദിച്ചു. എതിര്‍ക്കുകയാണോ?. പണം അല്ല ആവശ്യം എന്നെ ജയിലില്‍ ഇടുകയാണ്. മജിസ്‌ട്രേറ്റ് കണക്ക് എടുത്ത് നോക്കിയപ്പോള്‍ കിട്ടാക്കടത്തിന് ടാക്‌സ് ഈടാക്കിയതും അതിന് തന്നെ മുപ്പത് ശതമാനം പലിശ കൂട്ടിച്ചേര്‍ത്തതും ശ്രദ്ധയില്‍ പെട്ടു. ഈ പണമൊക്കെ നിങ്ങള്‍ എവിടെ കൊണ്ടു വെക്കുന്നു എന്നായി മജിസ്‌ട്രേറ്റ്. അതിന് ഉത്തരം കിട്ടിയില്ല. സെന്‍ട്രല്‍ എക്‌സൈസ് ജാമ്യത്തെ എതിര്‍ത്തുവെങ്കിലും കോടതി കരുണ കാട്ടി. ഡിഫോള്‍ട്ട് ഉണ്ട് നിയമലംഘനമില്ല എന്ന് പരാമര്‍ശിച്ച് സോപാധിക ജാമ്യം നല്‍കി. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പുറത്ത് ഇറങ്ങിയപ്പോള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ടിന്റെ വിധി വന്നിരുന്നു. അറസ്റ്റ് പാടില്ല എന്നായിരുന്ന അതിലെ പ്രധാന നിര്‍ദ്ദേശം. അരമണിക്കൂറിന്റെ വ്യത്യാസം അതിനിടയില്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നെ അറസ്റ്റ് ചെയ്ത് സായൂജ്യമടഞ്ഞു. ജയിലില്‍ അടയ്ക്കാന്‍ ആയില്ലെങ്കിലും ഭാഗികവിജയം തന്നെ.

ഐടി ആക്ടിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദ് ചെയ്തത് മാതൃകാപരമാണ്. പണം നല്‍കാന്‍ വൈകി എന്ന വാദം കോടതിയില്‍ നിലനില്‍ക്കെയാണ് എന്റെ അറസ്റ്റ്. എല്ലാ ദിവസവും ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ആളാണ് താന്‍. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി ഒരു കേന്ദ്രത്തില്‍ ഒറ്റക്കാലില്‍ നിന്ന് പണിയെടുക്കുന്നയാളും. സെന്‍ട്രല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ എല്ലാ അന്വേഷണങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ട്. സമന്‍സ് അയച്ചുപോലും സിഇഒമാരേയും മാനേജിംഗ് ഡയറക്ടര്‍മാരേയും വിളിപ്പിക്കരുതെന്ന സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് അറസ്റ്റ്.

ഒരു സ്വതന്ത്ര മാധ്യമം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയിലാണ് റിപ്പോര്‍ട്ടര്‍ തുടങ്ങുന്നത്. മാധ്യമപ്രവര്‍ത്തകന്‍ പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കുന്ന, സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളില്‍ ഉത്തരവാദിത്വത്തോടെ പെരുമാറുന്ന ഒരു ടെലിവിഷന്‍ ചാനല്‍. ഇന്ത്യാവിഷനാണ് കേരളത്തിലെ വാര്‍ത്താ സംസ്‌കാരത്തിന് വിപ്ലവകരമായ മാറ്റം കൊണ്ട് വന്നത്. മലയാളിയുടെ വാര്‍ത്താ ശീലത്തില്‍ നിര്‍ണ്ണായകമായ മാറ്റം. വാഴപ്പിണ്ടി എടുത്ത് കളഞ്ഞ് പകരം നട്ടെല്ല് വെച്ച മാധ്യമപ്രവര്‍ത്തനം. ഇന്ത്യാവിഷന്‍ സൃഷ്ടിച്ച തലമുറയാണ് ഇന്ന് എല്ലാ വാര്‍ത്താ ചാനലുകളുടേയും മുന്നണി പോരാളികള്‍ . വാര്‍ത്തയോട് അതി കഠിനമായ പ്രേമമുള്ള ഒരുത്തന്റേയും ചായ വാങ്ങിക്കുടിക്കാത്ത രാഷ്ട്രീയക്കാരന്റെ മൂട് താങ്ങികളല്ലാത്ത പുതിയ തലമുറ . ഈ പുതിയ വാര്‍ത്താ സംസ്‌കാരത്തെ ഒരു മൂവ്‌മെന്റ് ആയാണ് ഞാന്‍ കാണുന്നത്. നേരത്തെ പ്രവര്‍ത്തിച്ച ഇന്ത്യാവിഷനോ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടറോ മാത്രമല്ല എന്റെ അഭിമാനം. വാര്‍ത്ത സത്യസന്ധമായി അവതരിപ്പിക്കുന്ന പുതിയ തലമുറയില്‍ പെട്ട ഒരാള്‍ ആണെന്നതിലാണ് . റിപ്പോര്‍ട്ടറിന്റെ ഘടന രൂപീകരിച്ചതും മേല്‍ പറഞ്ഞ മൂവ്‌മെന്റിന് വേഗം കൂട്ടുന്നതിന് വേണ്ടിത്തന്നെ. റിപ്പോര്‍ട്ടറിന് സാമ്പത്തിക ഞെരുക്കമുണ്ട് എന്നാല്‍ പ്രതിസന്ധിയില്ല. ഒന്നാമത്തെ വാര്‍ത്താ മാധ്യമമായി ഞങ്ങള്‍ മാറുക തന്നെ ചെയ്യും. പ്രിന്റ് ദൃശ്യത്തിലേക്ക് കണ്‍വേര്‍ജ് ചെയ്യുന്ന കാലത്തും ഞങ്ങള്‍ തന്നെയായിരിക്കും മുന്നില്‍.

കേന്ദ്ര ബജറ്റില്‍ കോര്‍പറേറ്റുകള്‍ക്ക് അഞ്ച് ശതമാനം നികുതി ഇളവും വന്‍ ആനുകൂല്യവും നല്‍കിയപ്പോള്‍ സ്വതന്ത്ര ടെലിവിഷന്‍ ചാനലുകളുടെ സേവന നികുതി രണ്ട് ശതമാനം ഉയര്‍ത്തി 14 ആക്കി നിജപ്പെടുത്തി. കോര്‍പറേറ്റ് ഉടമസ്ഥതയില്‍ അല്ലെങ്കില്‍ നിലനില്‍പ് അസാധ്യമാക്കുക എന്ന ലക്‍ഷ്യം മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് ഉണ്ട്. വാര്‍ത്താ ചാനല്‍ ലാഭകരമായ ബിസിനസ് അല്ല. ലാഭമുണ്ടാക്കണമെന്ന് തോന്നുന്നവര്‍ ജനറല്‍ എന്റര്‍ടെയിന്‍മെന്റ് ചാനലാണ് തുടങ്ങുക. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് 12 കോടി അടക്കം 15 കോടി രൂപ കടമെടുത്താണ് റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങിയത്. കുറേ പണം നിക്ഷേപമായും സ്വീകരിച്ചു. സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനാണ് സ്വന്തം നിലയ്ക്ക് കടം എടുത്തത്. അങ്ങനെ ഒരു പരീക്ഷണം വിജയിക്കുന്നത് അപകടകരമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?. കാരുണ്യം ഇല്ലാതെ ജയിലില്‍ അടയ്ക്കാന്‍ നോക്കുന്നത് ആരുടെ താത്പര്യമാണ്. ഈ ലക്‍ഷ്യത്തില്‍ ഇനിയും ശ്രമങ്ങള്‍ ഉണ്ടാകും. അതിന് എന്തൊക്കെ മാര്‍ഗങ്ങളാണ് ഉപയോഗിക്കുക എന്ന് കണ്ടറിയേണ്ടതുണ്ട്. ഭയമോ ആശങ്കയോ ഇല്ല. സ്വന്തം നിലയ്ക്ക് പ്രവര്‍ത്തിക്കുന്ന ഒരു ടെലിവിഷന്‍ ചാനലിന് ഈ രംഗത്തെ സ്‌നേഹിക്കുന്നവരുടെ സംരക്ഷണം ആവശ്യമുണ്ട്. എന്നാല്‍ നിലനില്‍പ്പ് ഭയന്ന് ആരുടേയും താത്പര്യത്തിന് വഴങ്ങാനുമില്ല.

ചിത്രത്തിനും ഉള്ളടക്കത്തിനും കടപ്പാട്: റിപ്പോര്‍ട്ടര്‍ ലൈവ് ഡോട്ട് കോം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :