ദേശാഭിമാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ദേശാഭിമാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. കണ്‍സ്യൂമര്‍ ഫെഡ് സംബന്ധിച്ച വാര്‍ത്തയിലെ തെറ്റായ പരാമര്‍ശത്തിനെതിരെയാണ് സുധാകരന്റെ വിമര്‍ശനം. കണ്‍സ്യൂമര്‍ ഫെഡ് വിജയഗാഥ തുടങ്ങിയത് താന്‍ സഹകരണ മന്ത്രിയായിരുന്നപ്പോഴാണ്, ദേശാഭിമാനി ലേഖകന്‍ പറയുന്നപോലെ കഴിഞ്ഞ വര്‍ഷമല്ലെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ദുര്‍വ്യാഖ്യാനത്തിന് ഇടനല്‍കുന്നവിധം വാര്‍ത്ത നല്‍കിയത് ശരിയായില്ലെന്നും തുറന്നടിച്ചു. ജനങ്ങള്‍ക്ക് ഇക്കാര്യം നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്‍സ്യൂമര്‍ ഫെഡിനെ നോക്കുകുത്തിയാക്കി എന്ന തലക്കെട്ടില്‍ ഈ മാസം 11ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ ചില പരാമര്‍ശങ്ങളാണ് ജി സുധാകരനെ പരസ്യവിമര്‍ശനത്തിന് പ്രേരിപ്പിച്ചത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ക്രിസ്മസ് വിപണികള്‍ ഇത്തവണ ഇല്ലാത്തതിനെപ്പറ്റിയുളള വാര്‍ത്തയില്‍ സ്ഥാപനം ലാഭത്തിലായത് കഴിഞ്ഞ വര്‍ഷമാണെന്ന് പരാമര്‍ശിച്ചിരുന്നു. ഈ തെറ്റായ പരാമര്‍ശത്തോട് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ച സുധാകരന്‍ കടുത്ത വിമര്‍ശനമാണ് നടത്തിയത്.

നഷ്ടത്തിലായിരുന്ന കണ്‍സ്യൂമര്‍ ഫെഡ് വിജയഗാഥ തുടങ്ങിയത് താന്‍ സഹകരണ മന്ത്രിയായിരുന്ന എല്‍ഡിഎഫ് ഭരണകാലത്താണെന്നും ദേശാഭിമാനി ലേഖകന്‍ പറയുന്നപോലെ കഴിഞ്ഞ വര്‍ഷമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം ദേശാഭിമാനി റിപ്പോര്‍ട്ടര്‍ ദുര്‍വ്യാഖ്യാനത്തിന് ഇടകൊടുക്കും വിധം നല്‍കിയത് ശരിയായില്ലെന്നും സുധാകരന്‍ തുറന്നടിച്ചു. സാരമില്ല, നാട്ടിലെ സാമാന്യജനത്തിന് ഇക്കാര്യം നല്ലവണ്ണം ബോധ്യമുണ്ടെന്ന പരിഹാസത്തോടെയാണ് സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. അതേസമയം വാര്‍ത്ത പരിശോധിച്ച് തിരുത്തുമെന്ന് ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ അറിയിച്ചു.

സഹകരണ മന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജി സുധാകരന്റെ ഏറ്റവും വലിയ സംഭാവന വിലകുറച്ച് നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ശൃംഖല തീര്‍ത്തതാണ്. അന്ന് ധനവകുപ്പിന്റെ പോലും എതിര്‍പ്പ് മറികടന്നാണ് അരിക്കടകള്‍ വഴി സാധനങ്ങള്‍ ലഭ്യമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :