തടിയന്റവിട നസീറുമായി തച്ചങ്കരിക്ക്‌ ബന്ധം?

തൃശൂര്‍| WEBDUNIA|
കൊടുംഭീകരന്‍ തടിയന്റവിട നസീറുമായി ഐജി ടോമിന്‍ തച്ചങ്കരിക്ക്‌ അടുത്ത ബന്ധമുണ്ടെന്ന് ദേശീയ കുറ്റാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് നല്‍‌കിയതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് അനുമതി വാങ്ങാതെ നടത്തിയതായി പറയപ്പെടുന്ന ഖത്തര്‍ സന്ദര്‍ശനത്തിനിടെ തീവ്രവാദ കേസുകളിലെ പ്രതികളുമായി ടോമിന്‍ തച്ചങ്കരി ടെലിഫോണിലും നേരിട്ടും ബന്ധം പുലര്‍ത്തിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളതെത്രെ. കേരളാ പോലീസിന് ദേശീയ കുറ്റാന്വേഷണ ഏജന്‍സി ഈ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെത്രെ.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്റിനു സമീപത്തും മോര്‍ഫ്യൂസില്‍ ബസ്റ്റാന്റിനു സമീപവും സ്ഫോടനങ്ങള്‍ നടന്നത്. ലഷ്കര്‍ ഇ തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്റര്‍ എന്ന് കരുതപ്പെടുന്ന തടിയന്റവിട നസീറാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന്
കോടതി കണ്ടെത്തിയിരുന്നു. സ്ഫോടനക്കേസില്‍ പ്രതിയായ തടിയന്റവിട നസീറിനെ ബംഗ്ല്ലാദേശ് അതിര്‍ത്തിയില്‍ നിന്നുമാണ് പിടികൂടിയത്.

ഗള്‍ഫ്‌ സന്ദര്‍ശത്തിനിടെ തീവ്രവാദികളുമായി സംസാരിച്ചിരുന്നു എന്ന് ടോമിന്‍ തച്ചങ്കരി ദേശീയ കുറ്റാന്വേഷണ ഏജന്‍സിയോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്ന തീവ്രവാദികളോട്‌ നാട്ടില്‍ മടങ്ങിയെത്തി നിയമത്തിനു കീഴടങ്ങാനാണു താന്‍ അഭ്യര്‍ഥിച്ചതെന്നാണ്‌ തച്ചങ്കരിയുടെ ഭാഷ്യം.

തടിയന്റവിട നസീറും ടോമിന്‍ തച്ചങ്കരിയും തമ്മിലുള്ള ബന്ധം പുറത്തുവന്നതോടെ കുഴങ്ങാന്‍ പോകുന്നത് യുഡി‌എഫ് സര്‍ക്കാരാണ്. ഐജിയുടെ ഖത്തര്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള എന്‍ഐ. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ്, തിരക്കിട്ട് അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച്‌ സര്‍വീസില്‍ തിരിച്ചെടുത്ത യുഡിഎഫ് സര്‍ക്കാരിന്റെ നടപടി വലിയ വിവാദമാകും എന്ന് ഉറപ്പ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :