ടിപി വധം: മൊഴി മാറ്റിയവര്‍ക്കെതിരേയുള്ള നടപടി കോടതി തീരുമാനിക്കുമെന്ന് തിരുവഞ്ചൂര്‍

കാസര്‍കോട്‌. | WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസ്‌ വിചാരണയ്ക്കിടെ മൊഴി മാറ്റിയവര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം കോടതി തീരുമാനിക്കട്ടെയെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസില്‍ പൊലീസ്‌ രാഷ്ട്രീയം നോക്കിയല്ല സാക്ഷിപ്പട്ടികയും പ്രതിപ്പട്ടികയും തയാറാക്കിയത്‌. സിപിഎം പാര്‍ട്ടി അംഗങ്ങളായുള്ള സാക്ഷികളില്‍ ചിലര്‍ ആദ്യം മജിസ്ട്രേറ്റിനു മുന്നില്‍ പറഞ്ഞ മൊഴി പിന്നീട്‌ വിചാരണക്കോടതിക്കു മുന്‍പാകെ തിരുത്തിയത്‌ കോടതിക്ക് നേരിട്ടു ബോധ്യപ്പെട്ടതാണ്‌.

ടിപിയുടെ കൊലപാതകത്തെക്കുറിച്ച്‌ സിപിഎം നടത്തിയെന്ന്‌ അവകാശപ്പെടുന്ന അന്വേഷണം പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ വേണ്ടിയുള്ള നമ്പര്‍ മാത്രമാണ്‌. ഒരു കൊലപാതക്കേസ്‌ എങ്ങനെയാണ്‌ പാര്‍ട്ടി അന്വേഷിക്കുക ? എങ്കില്‍ പാര്‍ട്ടി വിചാരണയും പാര്‍ട്ടി കോടതി നടപടികളും ഉണ്ടാകുമോ? അന്വേഷണം നടത്തി എന്നു പറയുന്നവരില്‍ ആരെങ്കിലും ടിപിയുടെ ഭാര്യ രമയുടെ മൊഴി എടുത്തിട്ടുണ്ടോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

നാറാത്ത്‌ ആയുധ പരിശീലന സംഭവത്തില്‍ സംസ്ഥാനത്തിനു പുറത്തുനിന്ന്‌ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയായിരുന്നു. എന്‍ഐഎ കേസ്‌ അന്വേഷിക്കുമെന്നാണ്‌ കരുതുന്നത്‌. ഇക്കാര്യത്തില്‍ സംഘടനയ്ക്കെതിരെ നടപടിയെടുക്കുന്നത്‌ സംബന്ധിച്ച്‌ പിന്നീട്‌ ആലോചിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :