ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ഫേസ്ബുക്കില്‍ വിലക്ക്

കോഴിക്കോട്| WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ വര്‍ഷത്തിലധികമായി ഉപയോഗിച്ചുവരുന്ന ഫേസ്ബുക്ക് പ്രൊഫൈലിന് നിരോധനം. പൊതുജനങ്ങള്‍ ഈ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നതും ലൈക്ക് ചെയ്യുന്നതും തടയാന്‍ ഫേസ്ബുക്ക് അധികൃതര്‍ കഴിഞ്ഞ ദിവസം ഈ പേജുകള്‍ മാറ്റുകയായിരുന്നു.

ജയിലിനകത്ത് മൊബൈലും ഫേസ്ബുക്കും ഉപയോഗിച്ചെന്ന് കണ്ടെത്തിയ ടിപി വധക്കേസിലെ മുഖ്യപ്രതികളായ എം സി അനൂപ്, കിര്‍മ്മാണി മനോജ്, കൊടി സുനി, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്ക് എതിരെ കോഴിക്കോട് കമ്മീഷണര്‍ റിപ്പോര്‍ട്ട് അയച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച കമ്പനി പ്രതിനിധികള്‍ ഒരു മാസത്തോളം ഈ അക്കൗണ്ടുകള്‍ അതേപടി നിലനിര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, പൊതുജനം കാണില്ലെന്ന് മാത്രം. ഈ ഫേസ്ബുക്ക് പേജുകളുടെ 'യൂണിഫോം റിസോഴ്‌സ് ലൊക്കേറ്റര്‍' (യുആര്‍എല്‍) വിലാസം കമ്പനി അന്വേഷണസംഘത്തിന് ഇ-മെയിലായി നല്‍കിയിട്ടുമുണ്ട്.

അതേസമയം, ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച്ച ജില്ലാ ജയിലിലെ വാര്‍ഡര്‍മാരുടെ മൂന്ന് ക്വാര്‍ട്ടേഴ്‌സുകളില്‍ റെയ്ഡ് നടത്തി. ജയില്‍ സൂപ്രണ്ട് ക്വാര്‍ട്ടേഴ്‌സിനോട് ചേര്‍ന്ന പറമ്പിലുള്ള ക്വര്‍ട്ടേഴ്‌സുകളിലാണ് പരിശോധന നടത്തിയത്.

പ്രതികള്‍ ജയില്‍ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത ഫേസ് ബുക്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാനുള്ള നടപടിയുടെ ഭാഗമായി തിങ്കളാഴ്ച്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഫേസ്ബുക്ക് അധികൃതരില്‍ നിന്ന് പ്രതികളുടെ പ്രൊഫൈല്‍ പോസ്റ്റുകളുടെ വിവരങ്ങള്‍ ലഭ്യമാകാന്‍ കോടതിയുടെ ഉത്തരവ് വേണമെന്നുള്ളത് കൊണ്ട് അതിനുള്ള റിപ്പോര്‍ട്ടാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (മൂന്ന്) കോടതിയില്‍ നല്‍കുന്നത്.

കേസുമായി ബന്ധപ്പെട്ട് ജയില്‍ ജീവനക്കാരുടെ ചോദ്യം ചെയ്യല്‍ അവസാന ഘട്ടത്തിലാണെന്നും വരും ദിവസങ്ങളില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ആരംഭിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ: എന്‍ ബിശ്വാസ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :