ഞാന്‍ നികൃഷ്ടമായ രാഷ്ട്രീയ വേട്ടകളുടെ ഇര, വേട്ടക്കാര്‍ക്ക് സുഖവും സംതൃപ്തിയും ലഭിക്കട്ടെ, കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാനാവില്ല, സത്യത്തിനായി ജീവിതാന്ത്യം വരെ പോരാടും: കാരായി രാജന്‍ തുറന്നടിക്കുന്നു!

Karayi Rajan, Karayi Chandrasekharan, Kannur, Communist, CPM, Pinarayi, കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, കണ്ണൂര്‍, കമ്യൂണിസ്റ്റ്, സി പി എം, പിണറായി
കണ്ണൂര്‍| Last Modified ശനി, 6 ഫെബ്രുവരി 2016 (18:49 IST)
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാരായി രാജന്‍ രാജിവച്ചു. എറണാകളും ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവുനല്‍കണമെന്ന കാരായി രാജന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് രാജി സമര്‍പ്പിച്ചത്. ഫസല്‍ വധക്കേസില്‍ പ്രതിയാണ് രാജന്‍.

കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് കാരായി രാജന്‍റെ രാജിയില്‍ അന്തിമതീരുമാനമെടുത്തത്. തുടര്‍ന്ന് കാരായി ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് രാജി നല്‍കുകയായിരുന്നു. ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ ഈ ജാമ്യവ്യവസ്ഥയില്‍ ഇളവുനല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

അതേസമയം, താന്‍ നികൃഷ്ടമായ രാഷ്ട്രീയ വേട്ടകളുടെ ഇരയാണെന്നും തന്‍റെ രാജിയിലൂടെ വേട്ടക്കാര്‍ക്ക് സംതൃപ്തി ലഭിക്കട്ടെയെന്നും കാരായി രാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കാരായി രാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇതാ:

ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശമനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് അനുമതിയോട് കൂടി നോമിനേഷന്‍ കൊടുക്കുകയും മത്സരിക്കുകയും ജയിച്ച് സത്യപ്രതിജ്ഞ ചെയ്ത് ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഭരണകൂടത്തിന്റെ നികൃഷ്ടമായ രാഷ്ട്രീയ വേട്ടകള്‍ക്കിരയായി പൊതു പ്രവര്‍ത്തനവും ജനസേവനവും നടത്താന്‍ സാധിക്കാതെ വന്നതിനാല്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഞാന്‍ സ്വമേധയാ രാജി‌വെച്ചിരിക്കുന്നു. വേട്ടയുടെ സുഖമനുഭവിക്കുന്ന കുടിലതയുടെ വക്താക്കള്‍ക്ക് സുഖവും സംതൃപ്തിയും ഉണ്ടാവട്ടെ. സ്നേഹിച്ച പതിനായിരക്കണക്കായ സഖാക്കളോടും നല്ലവരായ നാട്ടുകാരോടും സഹകരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരു ഒരു പൊതു പ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റും എന്ന നിലയില്‍ ഞങ്ങളെയോ നമ്മുടെ പ്രസ്ഥാനത്തെയോ നിര്‍വ്വീര്യമാക്കാനോ തകര്‍ക്കാനോ ഒരു ശക്തിക്കും സാധിക്കുകയില്ല. ജനതയാണ് അന്തിമ സത്യം. സത്യം വിജയിക്കുക തന്നെ ചെയ്യും. സത്യത്തിനു വേണ്ടി ജീവിതാവസാനം വരെ പോരാടുകയും ചെയ്യും. നിരപരാധികളോടുള്ള വേട്ടകള്‍ക്കെതിരായി ജനസമൂഹം കൊടുങ്കാറ്റായി ചീറിയടിക്കും. അധികാര സിംഹാസനങ്ങള്‍ കടപുഴകി തകരും. അത് ചരിത്രത്തിന്റെ നിയോഗമായിരിക്കും.

ലാല്‍സലാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :