ജോര്‍ജ് വേണ്ടപ്പെട്ടവന്‍, വരേണ്ടസമയത്ത് ജോസ് കെ മാണി വരും!

തിരുവനന്തപുരം| Last Updated: ചൊവ്വ, 27 ജനുവരി 2015 (19:03 IST)
പി സി ജോര്‍ജ് തനിക്ക് ഏറെ വേണ്ടപ്പെട്ടയാളാണെന്ന് ധനമന്ത്രി കെ എം മാണി. തന്നോട് ജോര്‍ജ്ജിന് വിരോധമൊന്നുമില്ലെന്നും മാണി. എന്നാല്‍ തന്‍റെ രാജിയെക്കുറിച്ചും ജോസ് കെ മാണിയെക്കുറിച്ചുമൊക്കെ ജോര്‍ജ് അനാവശ്യ പ്രസ്താവനയാണ് നടത്തിയതെന്നും മാണി പറഞ്ഞു.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെ എം മാണി നയം വ്യക്തമാക്കിയത്.

പി സി ജോര്‍ജ് എനിക്ക് ഏറെ വേണ്ടപ്പെട്ടയാളാണ്. ജോര്‍ജ്ജിന് എന്നോട് വിരോധമൊന്നുമില്ല. സംസാരരീതി അങ്ങനെയാണ്. എന്നാല്‍ രാജിയെക്കുറിച്ചും എന്‍റെ പിന്‍‌ഗാമിയെക്കുറിച്ചും ജോസ് കെ മാണിയെക്കുറിച്ചുമൊക്കെ പി സി ജോര്‍ജ് നടത്തിയത് അനാവശ്യ പ്രസ്താവനകളാണ്. ഓരോ തെരഞ്ഞെടുപ്പിലും തന്‍റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന ആളാണ് ജോസ് കെ മാണി. എന്‍റെ സഹായം കൂടാതെ പ്രവര്‍ത്തിക്കാനുള്ള കഴിവ് അയാള്‍ക്കുണ്ട്. വരേണ്ട സമയത്ത് വരേണ്ട സ്ഥാനത്ത് ജോസ് കെ മാണി വരും - മാണി വ്യക്തമാക്കി.

എന്നെ വേട്ടയാടുന്നതിന് പിന്നില്‍ രാഷ്ട്രീയഗൂഢാലോചനയുണ്ട്. അതിനുപിന്നില്‍ ആരാണെന്നൊക്കെ വ്യക്തമായി അറിയാം. അതൊന്നും മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നില്ല. സമയാസമയത്ത് അക്കാര്യം വെളിപ്പെടുത്തും. ഈ ആരോപണങ്ങളിലൊന്നും വിഷമമില്ല. മാമ്പഴമുള്ള മാവിലേ ആളുകള്‍ കല്ലെറിയൂ. താന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു എന്ന റിപ്പോര്‍ട്ടിനെയും മാണി തള്ളിക്കളഞ്ഞു. മുട്ടുവേദനയുണ്ട്. അതിന് വിദേശചികിത്സ വേണ്ട, കുഴമ്പിട്ട് തിരുമ്മിയാല്‍ മതി - മാണി പറഞ്ഞു.

തനിക്കെതിരായ തെളിവെന്ന പേരില്‍ ബിജു രമേശ് ഹാജരാക്കിയ ശബ്‌ദരേഖ ആരോപണം ഉന്നയിച്ച ശേഷം കെട്ടിച്ചമച്ച വ്യാജരേഖയാണെന്ന് ധനമന്ത്രി കെ എം മാണി. തന്‍റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും പ്രതിപക്ഷം ബ്ലാക്‍മെയില്‍ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും മാണി പറഞ്ഞു. താന്‍ ജീവിച്ചിരിക്കുമ്പോള്‍, യു ഡി എഫ് ഉണ്ടെങ്കില്‍, താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നും മാണി വ്യക്തമാക്കി.

12 തെരഞ്ഞെടുപ്പുകളില്‍ എന്നെ ജയിപ്പിച്ചുവിട്ടിട്ടുള്ളവരാണ് ജനങ്ങള്‍. അവര്‍ക്ക് എന്നെ അറിയാം. എന്‍റെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമില്ലെന്നും അറിയാം. ഞാന്‍ അഴിമതിക്കാരനാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അഴിമതിക്കാരനാകുമോ? തെളിവോ വസ്തുതയോ ഇല്ലാതെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് ബിജു രമേശ് ശ്രമിച്ചത്. എന്‍റെ വകുപ്പുമായി ബന്ധമില്ലാത്ത, സര്‍ക്കാര്‍ കൂട്ടായി തീരുമാനമെടുത്ത ഒരു കാര്യത്തിലാണ് എനിക്കെതിരെ ആരോപണം വന്നത്. പരസ്പരവിരുദ്ധമായ കെട്ടുകഥകളാണ് ഓരോ ദിവസവും ഉന്നയിക്കുന്നത്. മാന്യന്‍‌മാര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ അതിനെ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. ഈ ബ്ലാക്‍മെയില്‍ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രതിപക്ഷം ഇതിന് കനത്ത വില നല്‍കേണ്ടിവരും - മാണി മുന്നറിയിപ്പ് നല്‍കി.

താന്‍ ബജറ്റില്‍ നികുതി കുറച്ചുകൊടുത്തു എന്നാണ് മറ്റൊരു ആരോപണം. നികുതിയിളവുകള്‍ നല്‍കുന്നത് എല്ലാ ധനമന്ത്രിമാരും ചെയ്യുന്നതാണ്. ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ അല്ല, കാറ്റഗറികള്‍ക്കാണ് നികുതിയിളവുകള്‍ നല്‍കുന്നത്. ഇതൊക്കെ അഴിമതിയാണെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക? - മാണി ചോദിക്കുന്നു.

താന്‍ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് പ്രതിപക്ഷം പറയുന്നത് ജനാധിപത്യവിരുദ്ധമാണ്. യു ഡി എഫ് ഉണ്ടെങ്കില്‍, ധനമന്ത്രി ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഞാന്‍ തന്നെ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സഭയുടെ മേശപ്പുറത്തുവച്ചാല്‍ മതി. പ്രതിപക്ഷത്തിന്‍റെ ഈ കോപ്രായങ്ങളൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. ഇത്രയും കാലമായിട്ട് ഏതെങ്കിലുമൊരു കേസില്‍ താന്‍ പിടിക്കപ്പെട്ടിട്ടുണ്ടോ എന്നും കെ എം മാണി ചോദിച്ചു.

ഞാന്‍ വളരെ ബഹുമാനിക്കുന്ന മനുഷ്യനാണ് ബാലകൃഷ്ണപിള്ള. ശത്രുക്കളെപ്പോലും സ്നേഹിക്കുന്നയാളാണ് ഞാന്‍. വിഷമിക്കരുത് എന്നുപറഞ്ഞ് നൂറുകണക്കിന് സന്ദേശങ്ങളാണ് വരുന്നത് - മാണി പറഞ്ഞു.

സോഷ്യല്‍ മീഡിയ വഴി തന്‍റെ പേരില്‍ വരുന്ന മണിയോര്‍ഡറുകള്‍ ഒന്നും നിരാകരിക്കില്ലെന്ന് കെ എം മാണി പറഞ്ഞു. ഒരു മണിയോര്‍ഡറും നിരാകരിക്കില്ല. മണിയോര്‍ഡറുകള്‍ ഇനിയും വരട്ടെ. എല്ലാം കാരുണ്യയ്ക്ക് കൈമാറും - മാണി അറിയിച്ചു.

ഉമ്മന്‍‌ചാണ്ടി നീതിനിഷ്ഠയോടെ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണെന്നും ആവശ്യമായ പിന്തുണ തനിക്ക് യു ഡി എഫില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയാകാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും മാണി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :