ജയറാമിന്‍റെ വീടിന് നേരെ ആക്രമണം

ചെന്നൈ| WEBDUNIA|
PRO
ജയറാമിന്‍റെ ചെന്നൈയിലെ വീടിന് നേരെ ആക്രമണം. ജയറാമിന്‍റെ ഓഫീസ് മുറിയും അക്രമികള്‍ ആക്രമിച്ചു. ആക്രമണത്തെക്കുറിച്ച് തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്ന് ജയറാം പറഞ്ഞു. ചെന്നൈ വല്‍‌സരവാക്കത്തുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. 25ലധികം പേര്‍ അടങ്ങുന്ന സംഘമാണ് ജയറാമിന്‍റെ വീടിന് നേരെ ആക്രമണം നടത്തിയത്.

വീട്ടിലെ ഓഫീസ്മുറിയുടെ ജനലുകള്‍ അടിച്ചുടച്ച സംഘം മുറിക്കുള്ളിലേക്ക് പെട്രോള്‍ബോംബെറിഞ്ഞു. ചലച്ചിത്രമേഖലയില്‍നിന്ന് ജയറാമിനു കിട്ടിയ പല സ്മരണികകളും അവാര്‍ഡുകളും നശിച്ചിട്ടുണ്ട്. മുറിക്കുള്ളിലെ സോഫയും കത്തിനശിച്ചു. ഓഫീസ് മുറിയുടെ പുറത്ത് കിടന്നിരുന്ന കാറിന്റെ ചില്ലുകളും അക്രമികള്‍ അടിച്ചുതകര്‍ത്തു.

ജയറാമിന്റെ ഭാര്യ പാര്‍വതിയും വേലക്കാരായ സൂരജ, കോകില, ലക്ഷ്മി എന്നിവരുമാണ് ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ബഹളംകേട്ട് വീടിന്റെ വാതിലുകളെല്ലാം ഇവര്‍ അടച്ചതിനാല്‍ വീട്ടിനുള്ളിലേക്ക് അക്രമികള്‍ കയറിയില്ല.

ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായാണ് അക്രമികള്‍ എത്തിയത്. അക്രമം നടത്തി പത്തുമിനിറ്റിനുള്ളില്‍ അവര്‍ സ്ഥലംവിടുകയും ചെയ്തു ജയറാമിനെ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന് അക്രമികള്‍ ആക്രോശിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ‘നാം തമിഴര്‍’ എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്ന് അറിയുന്നു.

ജയറാമിന്റെ വീടിന് സംരക്ഷണം

ഇതിനിടെ, ജയറാമിന്‍റെ വീടിന് പൊലീസ് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ആക്രമണം നടത്തിയ 'നാം തമിഴര്‍' എന്ന സംഘടനയുടെ പന്ത്രണ്ട് പ്രവര്‍ത്തകരെ ഇതിനകം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുറച്ചുപേര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായതായും അറിയുന്നു.

സംഭവമറിഞ്ഞ് ചലച്ചിത്രസംവിധായകന്‍ കെഎസ്. രവികുമാര്‍, നടന്‍ ത്യാഗരാജന്‍ എന്നിവര്‍ ജയറാമിന്റെ വീട്ടിലെത്തി. കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍ (സിജെഎംഎ) പ്രസിഡന്റ് എം നന്ദഗോവിന്ദും വെള്ളിയാഴ്ച രാത്രി ജയറാമിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.

വിവാദത്തിന് വഴിമരുന്നിട്ടത്

തമിഴ് സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിച്ചതാണ് ജയറാമിന്‍റെ വീടിന് നേരെ ആക്രമണം നടത്താന്‍ പ്രക്ഷോഭകാരികളെ പ്രേരിപ്പിച്ചത്. തന്‍റെ വീട്ടു ജോലിക്കാരി ‘കറുത്ത് തടിച്ച് എരുമയെപ്പോലെയുള്ള ഒരു തമിഴത്തി’യാണെന്ന ജയറാമിന്‍റെ പ്രസ്താവനയാണ് വിനയായത്.

കഴിഞ്ഞ ദിവസം ഒരു മലയാ‍ളം ടി വി ചാനലില്‍ ‘ഇവിടെ ഹസ്‌ബന്‍ഡ്സ് ഹാപ്പിയാണ്’ എന്ന ഒരു ടോക് ഷോയിലാണ് ജയറാം വിവാദ പ്രസ്താവന നടത്തിയത്. ഹാപ്പി ഹസ്ബന്‍ഡ്സ് എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയായിരുന്നു ഇത്.

ജയറാം പുതുതായി അഭിനയിക്കുന്ന സിനിമയില്‍ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഭാര്യ എപ്പോഴും കറുത്ത സ്ത്രീകളെ മാത്രമാണ് വേലക്കാരികളായി നിയമിക്കുക. ഭര്‍ത്താവ് വഴിതെറ്റിപ്പോകാതിരിക്കാനുള്ള മുന്‍‌കരുതല്‍ ആയിട്ടാണ് ഭാര്യയിത് ചെയ്യുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ സ്വന്തം ഭാര്യയും ഇങ്ങിനെയൊക്കെ തന്നെയാണോ ചെയ്യുന്നതെന്ന ചാനലുകാരന്‍റെ ചോദ്യം വന്നപ്പോഴാണ് ജയറാം വിവാദപ്രസ്താവന നടത്തിയത്.

“എന്റെ ഭാര്യ വീട്ടില്‍ ജോലിക്ക് വച്ചിരിക്കുന്നത് കറുത്ത് തടിച്ച് എരുമയെപ്പോലുള്ള ഒരു തമിഴത്തിയെയാണ്. കറുത്ത് തടിച്ച തമിഴത്തിയാണ് ജോലിക്കാരിയെങ്കില്‍ ഞാന്‍ പിന്നെ ആഭാഗത്തേക്ക് തിരിഞ്ഞ് നോക്കുകയില്ലല്ലോ. ഇതാണ് ഭാര്യമാരുടെ തന്ത്രം!”

പ്രതിഷേധപ്പെരുമഴ

സന്ദര്‍ഭത്തിന് യോജിച്ച നര്‍മമായിരുന്നു ജയറാമിന്റെ പ്രതികരണമെങ്കിലും സംഭവത്തെ പറ്റി അറിഞ്ഞതോടെ തമിഴ്‌നാട്ടിലെ വനിതാ സംഘടനകളടക്കമുള്ളവര്‍ പ്രശ്നം ഏറ്റുപിടിച്ചു. ജയറാം നിരുപാധികം മാപ്പ് പറയണമെന്ന് പട്ടാളി മക്കള്‍ കക്ഷിയോട് അഫിലിയേറ്റ് ചെയ്ത അഡ്വക്കേറ്റ്സ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിച്ചതിന് ജയറാമിനെതിരെ അഭിഭാഷകയായ ഇന്ദ്രാണി കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.

“അഭിപ്രായ സ്വാതന്ത്ര്യം സാമൂഹ്യ ഐക്യം തകര്‍ക്കാനും മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താനും ഉപയോഗിക്കരുത്. തമിഴ് സ്ത്രീകള്‍ക്കെതിരെ മോശം പ്രസ്താവനകള്‍ ഉണ്ടാവുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്” - എ‌എഫ്‌എസ്‌ജെ പ്രസിഡന്‍റ് കെ ബാലു പറഞ്ഞു.

ജയറാമിന്‍റെ പ്രസ്താവന തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമത്തിന്‍റെ ലംഘനമാണെന്നും അദ്ദേഹത്തിനെതിരെ നിയമനടപടികള്‍ കൈക്കൊള്ളണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ്. അഖിലേന്ത്യാ ജനാധിപത്യ വനിതാ അസോസിയേഷനും ജയറാമിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജയറാം അഭിനയിക്കുന്ന സിനിമകള്‍ സംസ്ഥാനത്ത് ബഹിഷ്കരിക്കുമെന്ന് സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞു. സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളായി കാണുന്നവര്‍ക്ക് മാത്രമേ ഇത്തരം പ്രസ്താവനകള്‍ നടത്താനാകൂ എന്നാണ് സംഘടനയുടെ ആരോപണം.

ഈ വിവാദങ്ങള്‍ക്കൊടുവിലാണ് ജയറാമിന്‍റെ വീടിന് നേരെ ആക്രമണം നടന്നിരിക്കുന്നത്. തെന്നിന്ത്യയില്‍ ഒരു ചലച്ചിത്രനടനുള്ളതില്‍ ഏറ്റവും വലിയ വീടാണ് ജയറാമിന്‍റേത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :