ഗരീബ് രഥ് നാളെ മുതല്‍

തിരുവനന്തപുരം| M. RAJU| Last Modified വ്യാഴം, 31 ജനുവരി 2008 (16:14 IST)
ഇടത്തരക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രാ സൌകര്യം ഒരുക്കുന്ന ഗരീബ് രഥ് ട്രെയില്‍ വെള്ളിയാഴ്ച മുതല്‍ തിരുവനന്തപുരത്ത് നിന്നും ഓടിത്തുടങ്ങും. ബോഗികളെല്ലാം പൂര്‍ണമായും എയര്‍കണ്ടിഷന്‍ ചെയ്തതാണ്.

തിരുവനന്തപുരത്ത് റയില്‍വേയുടെ ചുമതലയുള്ള മന്ത്രി എം.വിജയകുമാര്‍ അറിയിച്ചതാണിത്. നാളെ വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം സെന്‍‌ട്രല്‍ റയില്‍‌വേ സ്റ്റേഷനില്‍ റയില്‍‌വേ വകുപ്പ് സഹമന്ത്രി ആര്‍.ബാലു പച്ചക്കൊടി വീശും. കോട്ടയം, എറണാകുളം, ഷൊര്‍ണ്ണൂര്‍, കാനാങ്ങാടി, മാന്‍ഡോവ എന്നീ സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തും.

വ്യാഴാഴ്ച യാത്ര തിരിക്കുന്ന ട്രെയിന്‍ ശനിയാഴ്ച രാത്രി ഒമ്പതിന്‌ ലോക്മാന്യ തിലകില്‍ എത്തിച്ചേരും. ആഴ്ചയില്‍ രണ്ടു ദിവസമാണ്‌ തിരുവനന്തപുരത്തുനിന്നും യാത്ര. 14 കോച്ചുകളായിരിക്കും വണ്ടിയില്‍ ഉണ്ടായിരിക്കുക. മൂന്ന് ചെയര്‍കാറുകളും പതിനൊന്ന് ത്രീ ടയര്‍ എ.സി കോച്ചുകളും ഉള്‍പ്പടെയാണിത്.

മുംബൈ വരെ 771 രൂപയാണ് ത്രി ടയര്‍ എ.സി നിരക്ക്. സാധാരണയുള്ള 64 ബര്‍ത്തിനു പകരം 75 ബര്‍ത്തുകളാണ്‌ ഗരീബ്‌ രഥിനുളളത്‌. ചെയര്‍കാറില്‍ 102 സെന്റിമീറ്ററും കാബിന്റെ വീതി 12 സെന്റിമീറ്ററും വീതം കുറച്ചാണ്‌ ബോഗികളില്‍ ബര്‍ത്തിന്റെയും ചെയര്‍കാറിന്‍റെ എണ്ണം കൂട്ടിയിരിക്കുന്നത്‌.

ഇതുമൂലം യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്‌. ബെഡ്‌റോള്‍ സംവിധാനം ഒഴിവാക്കി കൂടുതല്‍ സ്ഥലസൗകര്യം ഒരുക്കിയിരിക്കുന്നു. കേരളത്തിലെ റെയില്‍വേ ട്രാഫിക്‌ പരിഹരിക്കാന്‍ മൂന്ന്‌വരി പാത വേണമെന്ന്‌ റെയില്‍വേമന്ത്രി എം.വിജയകുമാര്‍ പറഞ്ഞു. അതിനുവേണ്ടി കേന്ദ്രത്തിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ റയില്‍‌വേ ബജറ്റില്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ നടപ്പില്‍ വന്നുകൊണ്ടിരിക്കുകയാണ്. അടുത്ത റയില്‍ ബജറ്റിന്‌ മുമ്പ്‌ കേരളത്തിന്‍റെ ആവശ്യം കേന്ദ്രത്തെ ധരിപ്പിക്കും, ഇതിനായി ഫെബ്രുവരി ആദ്യവാരം റയില്‍വേ മന്ത്രിയേയും, പ്രധാനമന്ത്രിയേയും കണ്ട്‌ ചര്‍ച്ച നടത്തുമെന്നും വിജയകുമാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :