കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെടും

കോട്ടയം| WEBDUNIA| Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2013 (13:16 IST)
PRO
കോട്ടയം - എറണാകുളം തീവണ്ടിപ്പാത പൂര്‍ണ്ണമായും ഇരട്ടിപ്പിക്കുന്നതിന്‍റെ ഭാഗമായി പിറവം റോഡ് - മുളന്തുരുത്തി ഭാഗത്ത് നടക്കുന്ന പണിയും പിറവത്ത് യാര്‍ഡ് മാറ്റിപ്പണി നടക്കുന്നതിനാലും കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതം ഒക്റ്റോബര്‍ 23 ബുധനാഴ്ച തടസ്സപ്പെടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

രാവിലെയുള്ള എറണാകുളം - കോട്ടയം പാസഞ്ചറും വൈകിട്ട് തിരികെയുള്ള കോട്ടയം എറണാകുളം പാസഞ്ചറും ഇതുകാരണം റദ്ദാക്കിയിട്ടുണ്ട്. കൊല്ലത്തു നിന്ന് വെളുപ്പിനു 4.20 നു പുറപ്പെടുന്ന എറണാകുളം പാസഞ്ചര്‍ കോട്ടയത്തു സര്‍‍വീസ് അവസാനിപ്പിക്കും.

രാവിലെ തിരുവനന്തപുരത്തു നിന്നുള്ള വേണാട് എക്സ്പ്രസ് കോട്ടയം വരെയും വൈകിട്ട് തിരിച്ചുള്ള വേണാട് എക്സ്പ്രസ് കോട്ടയത്തു നിന്നു തിരുവനന്തപുരം വരെയും മാത്രമേ സര്‍വീസ് നടത്തുകയുള്ളു.

ഗുരുവായൂര്‍ - പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ തീവണ്ടി ഗുരുവായൂരിനും എറണാകുളം ടൌണിനും ഇടയ്ക്കു മാത്രമായിരിക്കും ഉണ്ടായിരിക്കുക. യശ്വ‍ന്ത്‍പൂര്‍ കൊച്ചുവേളി എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. എന്നാല്‍ ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാവും.

അതേ സമയം ന്യൂ‍ഡല്‍ഹി തിരുവനന്തപുരം കേരള എക്സ്പ്രസ് മുളന്തുരുത്തിയിലും തിരുവനന്തപുരം മംഗലാപുരം പരശുറാം എക്സ്പ്രസ്സ് വൈക്കം റോഡ് സ്റ്റേഷനിലും അരമണിക്കൂറോളം പിടിച്ചിടാനും സാദ്ധ്യതയുണ്ട് എന്ന് സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :