കൊല്ലത്തെ മലയോരമേഖലയില്‍ ചെങ്കൊടിക്ക് പ്രതാപം കുറയുന്നു

WEBDUNIA| Last Modified ബുധന്‍, 19 മാര്‍ച്ച് 2014 (15:00 IST)
PRO
PRO
ഒരു കാലത്ത് ഇടതുമുന്നണിയോട് ആഭിമുഖ്യം കാണിച്ചിരുന്ന പ്രദേശമാണ് കൊല്ലം ജില്ലയിലെ മലയോര മേഖല. ഇന്നിവിടെ ചെങ്കൊടിക്ക് ആ പഴയ പ്രതാപമില്ല. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ വല്യേട്ടന്‍ അഹങ്കാരം ഘടകകക്ഷികളെ അവരില്‍ നിന്ന്‌ അകറ്റി. സിപിഐയെ ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം സ്വാധീനമുള്ള പ്രദേശമെന്ന ഖ്യാതി ഓര്‍മ്മകളില്‍ മാത്രം ഒതുങ്ങി. തോട്ടം തൊഴിലാളികളുടെ നേതാവായിരുന്ന മാമ്പഴത്തറ സലിം ഇന്ന്‌ സിപിഎമ്മിനെ ഉപേക്ഷിച്ച്‌ കോണ്‍ഗ്രസില്‍ ചേക്കേറി കഴിഞ്ഞു. അഞ്ചല്‍ പഞ്ചായത്തിലും സിപിഎമ്മിന്റെ യുവ നേതാക്കളില്‍ പലരും കോണ്‍ഗ്രസിലും അഭയം പ്രാപിച്ചു കഴിഞ്ഞു.

ഇടതു മുന്നണിയുടെ ഭാഗമായിരുന്ന ആര്‍എസ്‌പി കോണ്‍ഗ്രസ്‌ പാളയത്തില്‍ നിന്ന്‌ നേരിടുന്ന തെരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നമുപേക്ഷിച്ച്‌ കോണ്‍ഗ്രസുകാര്‍ക്ക്‌ ആദ്യമായി മണ്‍വെട്ടിക്കും മണ്‍കോരിക്കും വോട്ട്‌ ചെയ്യുന്നു, പുതിയ ചിഹ്നത്തെ ചടയമംഗലം, പുനലൂര്‍, കൊട്ടാരക്കര നിയോജക മണ്ഡലങ്ങളില്‍ പരിചയപ്പെടുത്താനും കഴിഞ്ഞിട്ടില്ല. കുടിവെള്ള പ്രശ്നമുള്‍പ്പെടെയുള്ള അടിസ്ഥാന പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കുന്നതിനോ കേന്ദ്രഫണ്ടുകള്‍ കിഴക്കന്‍ മേഖലയിലെ ഉല്‍പാദനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നതിനോ മുന്‍ എംപിക്ക്‌ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവും വോട്ടര്‍മാര്‍ക്കിടയിലുണ്ട്.

കൊല്ലം ജില്ലക്ക്‌ തന്നെ അഭിമാനമാകുമായിരുന്ന ഫോറിന്‍ ലാംഗ്വേജ്‌ യൂണിവേഴ്സിറ്റി പാണക്കാട്ടേക്ക്‌ ലീഗ്‌ നേതൃത്വം പറിച്ചു മാറ്റിയപ്പോള്‍ ചെറുവിരലനക്കാതെ നിന്ന സ്ഥലം എംഎല്‍എ ആയ കെ. രാജുവിനോടുള്ള പ്രതിഷേധവും വോട്ടില്‍ പ്രതിഫലിക്കും. അതേസമയം കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ നേടിയ സ്വാധീനം വോട്ടാക്കാനാണ്‌ ബിജെപിയുടെ ശ്രമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :