കൊടി സുനിയും കൂട്ടരും വിയ്യൂരിലേക്ക്; കുഞ്ഞനന്തനും രാമചന്ദ്രനും കണ്ണൂരില്‍ തന്നെ

കണ്ണൂര്‍| WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒമ്പത് പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. ഡിജിപിയുടെ ഉത്തരവ് പ്രകാരമാണിത്. എന്നാല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട സിപി‌എം നേതാക്കളായ പി കെ കുഞ്ഞനന്തന്‍, കെസി രാമചന്ദ്രന്‍ എന്നിവരെ കണ്ണൂര്‍ ജയിലില്‍ തന്നെ പാര്‍പ്പിക്കും.

ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ചാണ് കുഞ്ഞനന്തനെയും കെസി രാമചന്ദ്രനെയും ജയില്‍മാറ്റാത്തത്.

ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കെതിരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതികള്‍ ജയിലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിനാല്‍ അവരെ അവിടെ നിന്ന് മാറ്റണമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതെ തുടര്‍ന്നാണ് പ്രതികളെ ജയില്‍ മാറ്റുന്നത്.

നിരവധി രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളെ കണ്ണൂര്‍ ജയിലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ടിപി കേസ് പ്രതികള്‍ കൂടി എത്തുന്നതോടെ ജയിലിലെ സുരക്ഷാ സ്ഥിതി അപകടത്തിലാകും എന്നാണ് അധികൃതരുടെ നിരീക്ഷണം. കൊടി സുനിയും ഷാഫിയും മുമ്പ് കണ്ണൂര്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഇവര്‍ കണ്ണൂര്‍ ജില്ലക്കാരായതിനാല്‍ പ്രശ്നസാധ്യത കൂടുതലാണെന്നും ജയില്‍ അധികൃതര്‍ കണക്കുകൂട്ടുന്നു.

അതേസമയം ടിപി കേസ് കുറ്റവാളികളെ കാണാ‍നായി കഴിഞ്ഞ ദിവസങ്ങളില്‍ ജയിലില്‍ സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :