കൈവെട്ട് കേസ്: വിചാരണ പ്രത്യേക കോടതിയിലേക്ക് മാറ്റി

മൂവാറ്റുപുഴ| WEBDUNIA| Last Modified ശനി, 28 ഓഗസ്റ്റ് 2010 (13:01 IST)
PRO
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ കേസിന്‍റെ വിചാരണ പ്രത്യേക കോടതിയിലേക്ക് മാറ്റി. പ്രത്യേക അന്വേഷണസംഘത്തലവന്‍ എസ് പി ഉണ്ണിരാജ അറിയിച്ചതാണ് ഇക്കാര്യം.

എന്‍ ഐ എയ്ക്ക് കേസ് ഏറ്റെടുക്കാന്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉണ്ണിരാജ അറിയിച്ചു. എന്‍ ഐ എ ആക്ട്‌ പ്രകാരം രൂപീകരിച്ച കോടതിയിലായിരിക്കും വിചാരണ. എന്‍ ഐ എയ്ക്ക്‌ ഏറ്റെടുക്കാവുന്ന ഷെഡ്യൂള്‍ ഒഫന്‍സില്‍ തന്നെയാണ്‌ കേസ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഉണ്ണിരാജ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചാല്‍ എന്‍ ഐ എയ്ക്ക്‌ കേസ്‌ ഏറ്റെടുക്കാവുന്നതേയുള്ളൂ. പോപ്പുലര്‍ ഫ്രണ്ട്‌ സംസ്ഥാന നേതൃത്വത്തിന്‌ കേസുമായുള്ള ബന്ധത്തെക്കുറിച്ച്‌ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അധ്യാപകനെ ആക്രമിച്ച സംഘത്തിലെ ഒരാള്‍കൂടി പിടിയിലായിരുന്നു. ഇതുസംബന്ധിച്ച്‌ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ എസ്പി ഉണ്ണിരാജ ഇക്കാര്യങ്ങള്‍ പറഞ്ഞത്‌. ശ്രീമൂലനഗരം സ്വദേശി ജമാലിനെയാണ്‌ പൊലീസ്‌ ഇന്ന് അറസ്റ്റ്‌ ചെയ്തത്‌. പിടിയിലായ ജമാല്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്‌ കന്യാകുമാരിയിലായിരുന്നെന്ന്‌ അന്വേഷണ സംഘം വ്യക്തമാക്കി.

കൈവെട്ട്‌ കേസിലെ മുഖ്യപ്രതി സവാദിന്‌ അധ്യാപകന്റെ കൈ വെട്ടുന്നതിനായി പിടിച്ചു കൊടുത്തത്‌ ഇയാളാണെന്നാണ്‌ സൂചന. എസ്പി ഉണ്ണിരാജ രാവിലെ മൂവാറ്റുപുഴയില്‍ എത്തി ഇയാളെ ചോദ്യം ചെയ്തു വരുകയാണ്‌. ഇയാളില്‍ നിന്നും നിര്‍ണ്ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ്‌ അറിയുന്നത്‌.

അക്രമി സംഘത്തിലെ മുഖ്യസൂത്രധാരനായ ഷംസുദീനെ പൊലീസ്‌ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. അധ്യാപകനെ ആക്രമിച്ച സംഘത്തില്‍ ആകെ ഏഴു പേരുണ്ടായിരുന്നെന്ന് ഇയാള്‍ പൊലീസിന് വിവരം നല്കിയതായാണ് സൂചന. അതില്‍ രണ്ടു പേരെയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :