കെ എം മാണി കുടുക്കില്; ബാറുടമകളില്‍ നിന്ന് പണം വാങ്ങിയെന്ന് ആരോപണം

തിരുവനന്തപുരം| Last Modified ശനി, 1 നവം‌ബര്‍ 2014 (01:23 IST)
ധനകാര്യമന്ത്രി കെ എം മാണി വന്‍ ആരോപണക്കുരുക്കില്‍. ബാറുകള്‍ തുറപ്പിക്കാന്‍ വേണ്ടി
ബാറുടമകളില്‍ നിന്ന് പണം വാങ്ങിയെന്നാണ്‌ ആരോപണം. മാണി അന്ചുകോടി രൂപ ആവശ്യപ്പെട്ടു എന്നും ബാറുടമകള്‍ ഒരുകോടി രൂപ നല്കിയെന്നും ബാറുടമകളുടെ അസോസിയേഷന്‍ നേതാവായ ഡോ.ബിജു രമേശ് ആരോപിച്ചു.

മാണിയുടെ പാലായിലെ വീട്ടിലെത്തി രണ്ടു ഗഡുക്കളായാണ്‌ പണം കൈമാറിയതെന്നും ബിജു രമേശ് ആരോപിച്ചു. എന്നാല്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുകയും കോടതി ഇടപെടുകയും മറ്റും ചെയ്തതോടെ ബാക്കി തുക മാണിക്ക് നല്കാന്‍ ബാറുടമകള്‍ തയ്യാറായില്ല. നല്കിയ ഒരുകോടിയെപ്പറ്റി പിന്നീട് മാണി നിഷേധിക്കാന്‍ ശ്രമിച്ചു എന്നും എന്നാല്‍ തെളിവുകളും ഡേറ്റുകളും സഹിതം വെളിപ്പെടുത്തിയപ്പോള്‍ ' അതൊക്കെ ചെലവായിപ്പോയി'
എന്ന് മാണി പറഞ്ഞു എന്നും ബിജു രമേശ് വെളിപ്പെടുത്തി.

അതേസമയം, കെ എം മാണി പണം വാങ്ങിയെന്ന ആരോപണത്തെ സ്ഥിരീകരിക്കും വിധം ചീഫ് വിപ്പ്
പി സി ജോര്‍ജ് പ്രതികരിച്ചത് കൌതുകമുണര്ത്തി. പണം വാങ്ങിയ വിവരം മന്ത്രി കെ സി ജോസഫിന്‌ അറിയാമെന്നും കൂടുതല്‍ മന്ത്രിമാര്‍ പണം വാങ്ങിയിട്ടുണ്ടെന്നും പി സി ജോര്‍ജ് ആരോപിച്ചു. തിരുവനന്തപുരത്തെയും എറണാകുളത്തെയും ഓരോ മന്ത്രിമാര്‍ പണം വാങ്ങിയിട്ടുണ്ട്. താന്‍ ഇവരുടെയെല്ലാം പേരുകള്‍ ഉടന്‍ വെളിപ്പെടുത്തും - പി സി ജോര്‍ജ് പറഞ്ഞു.

ഇപ്പോള്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്ന ബിജു രമേശ് ഉമ്മന്‍ചാണ്ടിയുടെ ആളാണെന്നും ജോര്‍ജ് ആരോപിച്ചു. എന്നാല്‍ താന്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്നും തെളിവുകളെല്ലാം നശിപ്പിക്കപ്പെടുന്നതിനുമുമ്പ് അന്വേഷണം നടത്തണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.

ആരോപണം കേട്ട് താന്‍ ഞെട്ടിപ്പോയെന്നാണ്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്. സംഭവത്തോട് വളരെ കരുതലോടെയാണ്‌
യു ഡി എഫ് നേതാക്കള്‍ പ്രതികരിക്കുന്നത്. കൂടുതല്‍ നേതാക്കളും പ്രതികരിക്കാന്‍ തയ്യാറായില്ല എന്നതാണ്‌
സത്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :