കിനാലൂര്‍ ഭൂമി ഇടപാട്: ‘എളമരം കരീമും സിപി‌എം ജില്ലാ നേതൃത്വവും വഞ്ചിച്ചു’

കോഴിക്കോട്| WEBDUNIA|
PRO
PRO
എളമരം കരീമും സിപിഎം ജില്ലാ നേതൃത്വവും തങ്ങളെ വഞ്ചിച്ചു എന്ന് കിനാലൂര്‍ ഭൂമി തട്ടിപ്പിനിരയായ കോഴിക്കോട്ടെ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും. എളമരം കരീമിന്റെ ബന്ധു ടി പി നൗഷാദ് വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ തുടക്കത്തില്‍ മധ്യസ്ഥം വഹിച്ച സിപിഎം ജില്ലാ നേതൃത്വം പിന്നീട് തങ്ങളെ കൈയൊഴിഞ്ഞെന്നും തട്ടിപ്പിനിരയായവര്‍ പ്രമുഖ വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തി. എളമരം കരീമിന്റെ ബന്ധുവിന്റെ ഭൂമിതട്ടിപ്പിന് ഏറെയും ഇരയായത് സിപിഎം അംഗങ്ങളും അനുഭാവികളുമാണ്. കിനാലൂര്‍ വ്യവസായ പാര്‍ക്ക് സ്ഥിതി ചെയ്യുന്നതിന് അടുത്തുള്ള തോരാട്മല, മുക്കം എന്നിവിടങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ വിലവരുന്ന ഏക്കറുകണക്കിന് ഭൂമി ടി പി നൗഷാദ് വാങ്ങിക്കൂട്ടിയത് ഖനനത്തിന് അനുമതി തേടിയ എംഎസ്പിഎല്‍ കമ്പനിക്കു വേണ്ടിയാണെന്ന സംശയം ബലപ്പെടുകയാണെന്നും തട്ടിപ്പിന് ഇരയായവര്‍ പറഞ്ഞു.

തട്ടിപ്പിന് ഇരയായ പന്ത്രണ്ടോളം വരുന്ന പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ബാലുശ്ശേരി, മുക്കം ഏരിയ കമ്മിറ്റികള്‍ വഴി പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ പലരും പരസ്യമായി പാര്‍ട്ടി നേതൃത്വത്തെ തള്ളിപ്പറയാന്‍ തയ്യാറല്ല. പരാതിയുമായി ചെന്നപ്പോള്‍ എളമരം കരീം ഭീഷണിപ്പെടുത്തിയതായും ഇവര്‍ വ്യക്തമാക്കുന്നു.

സിപിഎം ജില്ലാസെക്രട്ടറി നല്‍കിയ വാക്കും പാഴ് വാക്കായതോടെയാണ് തട്ടിപ്പിന് ഇരയായവര്‍ ഹൈക്കോടതിയെ സമീപിച്ചത്. വിശ്വസിച്ച നേതൃത്വം സഹായിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതെന്നും ഇവര്‍ പറഞ്ഞു. ക്രഷര്‍ യൂണിറ്റ് തുടങ്ങാനെന്ന് പറഞ്ഞാണ് നൗഷാദ് ഭൂമി വാങ്ങിയതെന്ന് തട്ടിപ്പിന് ഇരയായ മറ്റൊരു സിപിഎം അംഗം വേലായുധന്‍ പറഞ്ഞു. എളമരം കരീമിന്റെ അടുത്ത ബന്ധുവാണെന്ന് നൗഷാദ് അവകാശപ്പെട്ടു. അതുകൊണ്ട് വിശ്വസിച്ച് ഭൂമി കൈമാറി. ക്രഷര്‍ യൂണിറ്റില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്താണ് ഭൂമി തട്ടിയെടുത്തത്.

എന്നാല്‍ പിന്നീട് പദ്ധതി തുടങ്ങാതിരുന്നപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായതെന്നും വേലായുധന്‍ പറഞ്ഞു. അതേസമയം എളമരം കരീമിന് തട്ടിപ്പ് വിവരം അറിയാമായിരുന്നെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഭൂമിതട്ടിപ്പിന്റെ ഇരകളില്‍ ഒരാള്‍ എളമരം കരീമിനോട് പരാതി പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എളമരത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. പ്രശ്‌നങ്ങള്‍ ജില്ലാ സെക്രട്ടറി തീര്‍ക്കുമെന്ന് എളമരം പറഞ്ഞു. തന്നോട് ഭീഷണി വേണ്ടെന്ന് എളമരം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ താന്‍ ഖനനാനുമതിയുമായി ബന്ധപ്പെട്ട് 5 കോടി രൂപ കോഴ വാങ്ങിയിട്ടില്ലെന്നും എളമരം കരീമിന്റെ ബിനാമിയല്ലെന്നും ബന്ധു ടി പി നൗഷാദ് അവകാശപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :