കലാഭവന്‍ മണിയുടെ മരണം: സാബുമോനും ജാഫര്‍ ഇടുക്കിയും ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്ക് നുണപരിശോധന; തല്‍ക്കാലം സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ലോക്നാഥ് ബെഹ്റ

കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ കുടുംബത്തിന്റെ ആരോപണം കൂടി കണക്കിലെടുത്ത് അന്വേഷണ സംഘം മണിയുടെ സഹായികളെ നുണപരിശോധനക്ക് വിധേയമാക്കും.

കൊച്ചി, കലാഭവന്‍ മണി, സാബുമോന്‍, ജാഫര്‍ ഇടുക്കി, ലോക്നാഥ് ബെഹ്റ, സി ബി ഐ kochi, kalabhavan mani, sabumon, jaffer idukki, loknath behra, CBI
കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 28 ജൂണ്‍ 2016 (16:22 IST)
കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ കുടുംബത്തിന്റെ ആരോപണം കൂടി കണക്കിലെടുത്ത് അന്വേഷണ സംഘം മണിയുടെ സഹായികളെ നുണപരിശോധനക്ക് വിധേയമാക്കും. മണിയെ അവശനിലയില്‍ കണ്ടെത്തിയതിന്റെ തലേ ദിവസം മണിയുടെ വിശ്രമകേന്ദ്രമായ പാഡിയില്‍ ഒത്തുകൂടിയവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുന്നത്. സിനിമാ-സീരിയല്‍ നടന്മാരായ ഇടുക്കി ജാഫറിനെതിരേയും സാബുമോനെതിരേയും ചില ആക്ഷേപങ്ങളും സംശയങ്ങളും ഈ കൊലപാതകവുമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതെല്ലാം അവര്‍ ഇരുവരും നിഷേധിക്കുകയും ചെയ്തു.

റൂറല്‍ എസ്‌പി നിശാന്തിനിയെ കൂടി ഉള്‍പ്പെടുത്തി നിലവിലുള്ള അന്വേഷണസംഘം വിപുലീകരിക്കാനും തീരുമാനമായി. മണിയുടെ സഹായികളായ അരുണ്‍, വിപിന്‍, മുരുകന്‍, ജാഫര്‍, സാബുമോന്‍ എന്നിവര്‍ക്കൊപ്പം മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍ എന്നിവരെയും നുണപരിശോധനക്ക് വിധേയമാക്കും. മണിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നവരും അവസാന നിമിഷം വരെ മണിയോടൊപ്പം ചെലവഴിച്ചവരുമാണ് ഇവര്‍.
സുപ്രീംകോടതി ഉത്തരവ് പ്രകാരം നുണ പരിശോധനയ്ക്ക് വിധേയരാക്കേണ്ടവരുടെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ നുണപരിശോധന നടത്താന്‍ കഴിയൂ. എന്നാല്‍ ജാഫര്‍ ഇടുക്കിയും സാബുമോനും നുണപരിശോധനയ്ക്ക് വിധേയമാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിലെല്ലാം സത്യം തെളിയിക്കാന്‍ തങ്ങളാല്‍ കഴിയുന്ന എന്തുകാര്യവും ചെയ്യാമെന്നായിരുന്നു ജാഫറും സാബുവും പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ നുണ പരിശോധനയെന്ന പൊലീസിന്റെ ആവശ്യം ഇരുവരും നിരാകരിക്കില്ലെന്നാണ് പ്രതീക്ഷ. അവര്‍ക്ക് ഇക്കാര്യത്തില്‍ സമ്മതമല്ലെന്ന സ്ഥിതി വന്നാല്‍ ഇരുവരും സംശയത്തിന്റെ നിഴലിലുമാകുകയും ചെയ്യും.
മണിയെ അപായപ്പെടുത്താന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവര്‍ ശ്രമിച്ചിട്ടുണ്ടെന്ന സംശയമാണ് ഇപ്പോളും കുടുംബത്തിനുള്ളത്. സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഈ ആരോപണം പല തവണ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പൊലീസ് ഇത്തരമൊരു നീക്കത്തിന് മുതിരുന്നത്.

അതേസമയം കേസ് സിബിഐക്ക് വിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടില്ല. ഈ കേസില്‍ സിബിഐ അന്വേഷണം തല്‍കാലം വേണ്ടെന്ന് ഡിജിപി വ്യക്തമാക്കി. കേന്ദ്ര ലാബിലെ ഫലം വന്നതോടെയാണ് മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഡിജിപി വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ കേരളാ പൊലീസ് തന്നെ ഈ കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്ന് ഡിജിപിയുടെ വ്യക്തമാക്കി.

ചാരായം കുടിച്ചതാണ് മണിയുടെ മരണകാരണമായി ഡിജിപി പറയുന്നത്. ഔട്ട് ഹൗസില്‍ ചാരായം എത്തിച്ചത് ആരാണെന്ന് വ്യക്തമായാല്‍ മണിയുടെ മരണത്തിലെ ദുരൂഹത മാറുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തിന്റെ നേതൃനിരയിലുള്ള പലരും പെരുമ്പാവൂര്‍ ജിഷ വധക്കേസുമായിബന്ധപ്പെട്ട് ആലുവയിലാണുള്ളത്. സിബിഐ അന്വേഷണം ആരംഭിക്കാത്തതിനാല്‍ നിലവിലുള്ള അന്വേഷണ സംഘത്തിന്റെ പ്രധാന ചുമതല നിശാന്തിനിക്കായിരിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :