കണ്ണാടി ഷാജി വധം: പ്രതികള്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കുപ്രസിദ്ധ ഗുണ്ടാ നേതാവ് കണ്ണാടി ഷാജിയെ വധിച്ച കേസില്‍ കോടതി കുറ്റക്കാരെന്ന്‌ കണ്ടെത്തിയ ആദ്യ നാലു പ്രതികള്‍ക്ക്‌ ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. അമ്പലമുക്ക്‌ കൃഷ്ണകുമാര്‍, സാനിഷ്‌, ജയലാല്‍, ശ്യാം എന്നിവരെയാണ്‌ കുറ്റക്കാരായി കണ്ടെത്തിയത്‌. ഒന്നും രണ്ടും പ്രതികള്‍ക്ക്‌ 20 വര്‍ഷത്തേക്ക്‌ പരോള്‍ അനുവദിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

അതേസമയം, 5 മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന്‌ തെളിയിക്കാനായില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കോടതി ഇവരെ വെറുതെ വിട്ടത്‌. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയാണ്‌ കേസ്‌ പരിഗണിച്ചത്‌.

കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിനാണ് കണ്ണാടി ഷാജിയെ (33) വെട്ടിക്കൊന്നത്. തിരുവനന്തപുരം കവടിയാറിലാണ് സംഭവം നടന്നത്. ഇയാളെ ഗുണ്ടാനിയമപ്രകാരം മൂന്ന് തവണ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2008ലും 2009ലും ഷാജിയെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.

ഗുണ്ടാത്തലവന്മാരായ ഓംപ്രകാശിന്റെയും പുത്തന്‍പാലം രാജേഷിന്റെയും അടുത്ത അനുയായിയാണ് കണ്ണാടി ഷാജി. ജയില്‍ മോചിതനായ ശേഷവും അക്രമസംഭവങ്ങളില്‍ ഇയാള്‍ പങ്കാളിയായിരുന്നു. ഗുണ്ട്കള്‍ തമ്മിലുള്ള ചേരിപ്പോരാണ് കൊലപാതകത്തിന് കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :