'എവിടെ ബലമില്ലാത്തവന്‍ പീഢിപ്പിക്കപ്പെടുന്നുവോ അവിടെ ഉയരേണ്ടതാണെന്റെ ശബ്ദം' - കെ എസ് യു പ്രവർത്തകയ്ക്കുള്ള മറുപടി വൈറലാകുന്നു

അറിഞ്ഞോളൂ, ഇതാണ് ചെഗുവേരയും ഇന്ത്യയും തമ്മിലുള്ള ബന്ധം

കോഴിക്കോട്| aparna shaji| Last Updated: ചൊവ്വ, 9 മെയ് 2017 (11:55 IST)
'ചെഗുവേരയും ഇന്ത്യയും തമ്മിലെന്ത് ബന്ധം'? എന്ന് ചോദിച്ച കെഎസ്‌യു പ്രവർത്തകയ്ക്ക് പ്രവീൺ മാത്യു എന്നയാൾ നൽകിയ മറുപടി സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. മാനവികതയുടെ കൊടുക്കല്‍ വാങ്ങലുകളെപ്പറ്റി പിടിയില്ലാത്ത ബോധമില്ലാത്ത എമ്പോക്കികളെയാണ് വിദ്യാര്‍ത്ഥി - യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വളര്‍ത്തി വിടുന്നത് എന്നത് ഭാവിയെ സംബന്ധിച്ച ആശങ്ക തന്നെയാണെന്ന് പ്രവീൺ പോസ്റ്റിൽ വ്യക്തമാക്കുന്നു.

പ്രവീൺ മാത്യുവിന്റെ വരികളിലൂടെ:

ചെഗുവേരയും ഇന്ത്യയും തമ്മിലെന്ത് ബന്ധം...???

കെഎസ്യുക്കാര്‍ ആരാണ്ടോ ചോദിച്ചു എന്നാണല്ലോ കേള്‍ക്കുന്നത്. ഇത്ര കാലം ഇത് സംഘികളുടെ ചോദ്യം ആരുന്നല്ലോ. ഏതായാലും ചിന്തകളിലൊക്കെ നേര്‍ത്ത് നേര്‍ത്ത് ഒരടുപ്പം വരുന്നുണ്ട്. "ഇന്ത്യയില്‍ നിന്നുള്ള അപ്പം" എന്ന് കേട്ടിട്ടുണ്ടോ ഈ അവതാരങ്ങള്‍ എന്നറിയില്ല. 1992ല്‍ പതിനായിരം ടണ്‍ അരിയും പതിനായിരം ടണ്‍ ഗോതമ്പും ക്യൂബയിലേക്ക് നല്‍കി. പണം വാങ്ങിയല്ല. അങ്ങിനെ നല്‍കാന്‍ അന്ന് രാജ്യം ഭരിച്ചിരുന്നവരുടെ അമ്മാവന്റെ ഭൂമി അല്ലായിരുന്നു ക്യൂബ.

അതങ്ങിനെയാണ്, വേദനകളിലും ദുരിതങ്ങളിലും അങ്ങിനെ ചേര്‍ന്നു നില്‍ക്കും. അപ്പോ പോരാട്ടങ്ങളില്‍ നിന്നും ജീവിതങ്ങളില്‍ നിന്നും തിരിച്ചും പ്രചോദിപ്പിക്കപ്പെട്ടേക്കാം. അതിനാണ് മാനവികത എന്നു പറയുന്നത്. അതിന് അതിര്‍ത്തികളില്ല. മഹാത്മാഗാന്ധിക്ക് ആഫ്രിക്കയില്‍ ഞാനിന്ത്യക്കാരനല്ലേ എന്നു വിചാരിച്ച് വെറുതേ ഇരുന്നാല്‍ മതിയായിരുന്നു. അങ്ങിനെ ഇരുന്നിരുന്നുവെങ്കില്‍ ഗാന്ധിയേ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്ന ആ വികാരത്തിന്റെ പേരാണ് മാനവികത.

എവിടെ ബലമില്ലാത്തവന്‍ പീഢിപ്പിക്കപ്പെടുകയും അവന്റെ ശിരസ്സ് കുനിഞ്ഞിരിക്കുകയും ചെയ്യുന്നുവോ അവിടെ ഉയരേണ്ടതാണെന്റെ ശബ്ദം എന്ന സിദ്ധാന്തമാണത്. അങ്ങിനെ ചിന്തിക്കുന്നവര്‍ എവിടെയും ആരാധിക്കപ്പെടും. അത്തരം ബിംബങ്ങള്‍ കാലദേശങ്ങള്‍ കടന്നു സഞ്ചരിക്കും.

ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഗാന്ധിയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. അത് കെഎസ്യു വേഷം കെട്ടിയാടുന്ന അവതാരങ്ങള്‍ വായിച്ചു നോക്കുന്നത് നല്ലതാണ്. എബ്രഹാം ലിങ്കണ്‍, നെല്‍സണ്‍ മണ്ടേല, യേശു ക്രിസ്തു, മുഹമ്മദ് നബി ഇവരാരും ഇന്ത്യയില്‍ ജനിച്ചവരല്ല. പക്ഷേ അവരൊക്കെ ഇന്ത്യയിലെ ആയിരക്കണക്കിന് ജീവിതങ്ങളെ പ്രചോദിപ്പിക്കുന്നുണ്ട്. അങ്ങിനെയാണ് മനുഷ്യസമൂഹം മുന്നോട്ടു പോകുന്നത്.

അല്ലാതെ രാജ്യാതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രം നിലനില്ക്കുന്ന കൊടുക്കല്‍ വാങ്ങലുകളിലൂടെ അല്ല. അത് മനസ്സിലാക്കാന്‍ രാഷ്ട്രീയ ബോധം വേണം. അതില്ലാത്തവര്‍ക്ക് സംഘികള്‍ നിര്‍മ്മിച്ച ചോദ്യങ്ങള്‍ ഒരു ബോധവുമില്ലാതെ പുന:സൃഷ്ടിക്കാം. മാനവികതയുടെ കൊടുക്കല്‍ വാങ്ങലുകളെപ്പറ്റി പിടിയില്ലാത്ത ബോധമില്ലാത്ത എമ്പോക്കികളെയാണ് വിദ്യാര്‍ത്ഥി-യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വളര്‍ത്തി വിടുന്നത് എന്നത് ഭാവിയെ സംബന്ധിച്ച ആശങ്ക തന്നെയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :