എന്നെ വലിച്ചിഴച്ചത് നിര്‍ഭാഗ്യകരം: ജോസ് കെ മാണി

ജോസ് കെ മാണി, മാണി, ജോര്‍ജ്, ബാര്‍ കോഴ, ബിജു രമേശ്
Last Updated: ശനി, 24 ജനുവരി 2015 (18:24 IST)
കെ എം മാണി രാജി വച്ചാല്‍ താന്‍ മന്ത്രിയാകുമെന്ന തരത്തില്‍ തന്‍റെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ചത് നിര്‍ഭാഗ്യകരമാണെന്ന് ജോസ് കെ മാണി എം‌പി. മാണിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്നിരിക്കെ അദ്ദേഹം രാജിവയ്ക്കുമോ ഇല്ലയോ എന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

പാര്‍ട്ടി ആലോചിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ വരുന്നത്. മാണിയുടെ രാജിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തന്നെ അനാവശ്യമാണ്. എം പി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്താനാണ് ശ്രമിക്കുന്നത്. എം പിയായിത്തന്നെ തുടരും - ജോസ് കെ മാണി പ്രസ്താവനയില്‍ പറയുന്നു.

ജോസ് കെ മാണി 'പിഞ്ചില' ആണെന്നും കേരള കോണ്‍ഗ്രസില്‍ ഒട്ടേറെ നേതാക്കന്‍‌മാരും എം എല്‍ എമാരും ഉള്ളപ്പോള്‍ ജോസിനെ വിളിച്ചുകൊണ്ടുവന്ന് മന്ത്രിയാക്കേണ്ട കാര്യമില്ലെന്നും പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജോസ് കെ മാണിക്ക് സിന്ദാബാദ് വിളിക്കാനല്ല താന്‍ കേരള കോണ്‍ഗ്രസിലേക്ക് വന്നതെന്നും ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

ബാര്‍ കോഴ വിവാദത്തില്‍ കഴമ്പില്ലെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകളെ പുച്ഛിച്ച് തള്ളുന്നു എന്നും കെ എം മാണിയും വ്യക്തമാക്കിയിരുന്നു.

പി സി ജോര്‍ജ് നടത്തുന്ന പ്രസ്താവനകളോട് യോജിപ്പില്ലെന്ന് ആന്‍റണി രാജു ഉള്‍പ്പടെയുള്ള കേരള കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കിയിരുന്നു. മാണി രാജിവയ്ക്കേണ്ടിവന്നാല്‍ സി എഫ് തോമസ് ധനകാര്യമന്ത്രിയാകണമെന്നാണ് പി സി ജോര്‍ജ് അഭിപ്രായം പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :