ഉമ്മന്‍ ചാണ്ടി തെറ്റുതിരുത്തണം; യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കില്ല

കൊട്ടാരക്കര| Joys Joy| Last Updated: വ്യാഴം, 29 ജനുവരി 2015 (11:58 IST)
കേരള കോണ്‍ഗ്രസ് (ബി) ഐക്യമുന്നണിയില്‍ തുടരും. എന്നാല്‍ ,യു ഡി എഫ് യോഗങ്ങളില്‍ പങ്കെടുക്കില്ല. പാര്‍ട്ടിയെയും തന്നെയും പൊതുജന മധ്യത്തില്‍ അപമാനിച്ച ഉമ്മന്‍ ചാണ്ടി തെറ്റു തിരുത്തണം - ആര്‍ ബാലകൃഷ്ണ പിള്ള പറഞ്ഞു. കൊട്ടാരക്കരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാവേറായ തങ്കച്ചനെ കൊണ്ട് മറുപടി പറയിപ്പിക്കുന്നത് നിര്‍ത്തി കാര്യങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി മറുപടി പറയണം. താന്‍ ഉണ്ടാക്കിയ തറവാടില്‍ നിന്ന് തന്നെ ഇറക്കി വിടാന്‍ ശ്രമിച്ചു. യു ഡി എഫ് യോഗത്തിലേക്ക് തന്നെ ക്ഷണിച്ചില്ല. അതുകൊണ്ടു തന്നെ താനോ തന്റെ പാര്‍ട്ടിയോ ഇനി യു ഡി എഫ് യോഗങ്ങളില്‍ പങ്കെടുക്കില്ല. എന്നാല്‍ യു ഡി എഫില്‍ തുടരുമെന്നും പിള്ള വ്യക്തമാക്കി.

യു ഡി എഫില്‍ നിന്ന് താന്‍ പുറത്തുപോകില്ല. വേണമെങ്കില്‍ തന്നെ യു ഡി എഫ് പുറത്താക്കട്ടെ എന്നും പിള്ള വ്യക്തമാക്കി. മന്ത്രിമാരില്‍ മാണി മാത്രമല്ല അഴിമതി വാങ്ങുന്നതെന്നും പിള്ള പറഞ്ഞു.

ആദ്യം തെറ്റു ചെയ്തവര്‍ ആദ്യം തെറ്റു തിരുത്തട്ടെ. താനല്ല തെറ്റു ചെയ്യുന്നത്, യു ഡി എഫ് ആണ്. കേരള കോണ്‍ഗ്രസ് (ബി‌)യോട് ചെയ്ത തെറ്റ് ആദ്യം യു ഡി എഫ് തിരുത്തട്ടെ എന്നും പിള്ള വ്യക്തമാക്കി. ഒരുപാട് തെറ്റുകള്‍ ചെയ്ത ആളാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് തന്നെ വലിയ തെറ്റാണെന്നും പിള്ള പറഞ്ഞു.

താന്‍ പറഞ്ഞത് വെച്ച് അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഒരു മന്ത്രി ഇപ്പോള്‍ അകത്തായേനെ. താന്‍ മന്ത്രിക്കെതിരെ തെളിവുകള്‍ നല്കിയപ്പോള്‍ മുഖ്യമന്ത്രി അപമാനിച്ചു. ആരോപണത്തില്‍ അന്വേഷണം വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും പിള്ള പറഞ്ഞു.
അഴിമതിവിരുദ്ധ പോരാട്ടം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മന്ത്രിസ്ഥാനം ഏറ്റെടുത്താല്‍ ഗണേഷ് കുമാര്‍ പിന്നെ പാര്‍ട്ടിയില്‍ കാണില്ലെന്നും പിള്ള പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :