ഉത്രാടം തിരുനാളിന്‍റെ കാലത്ത് വന്‍ ക്രമക്കേട്: ആനന്ദബോസ്

തിരുവനന്തപുരം| Vishnu| Last Modified ഞായര്‍, 27 ഏപ്രില്‍ 2014 (11:40 IST)
ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വന്‍ ക്രമക്കേട് നടന്നതായി വിദഗ്ധസമിതി മുന്‍ അധ്യക്ഷന്‍ സി വി ആനന്ദബോസ്. ക്ഷേത്രത്തിലെ അമൂല്യ സ്വത്തുക്കള്‍ വിദേശത്തേക്ക് കടത്തുകയും പകരം കൃത്രിമ മാതൃകകള്‍ വച്ചതായും സംശയമുണ്ടെന്ന ഗുരുതരമായ ആരോപണവും സി വി ആനന്ദബോസ് ഉന്നയിച്ചു.

സര്‍ക്കാരും രാജകുടുംബവും ഒത്തുകളിച്ചു എന്നും സി വി ആനന്ദബോസ് ആരോപിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് സി വി ആനന്ദബോസ് രാജകുടുംബത്തിനെതിരെ കടുത്ത വിമര്‍ശനം നടത്തിയിരിക്കുന്നത്.

ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സംബന്ധിച്ച് 100 വര്‍ഷം മുമ്പ് ഒരു കണക്കെടുപ്പ് നടന്നിരുന്നു. ഈ മൂല്യനിര്‍ണയത്തിന്‍റെ രേഖകള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കൈവശമുണ്ട് എന്ന് ബോധ്യപ്പെട്ടു. അദ്ദേഹത്തോട് ഇക്കാര്യം അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു രേഖ തന്‍റെ കൈവശമില്ല എന്നുപറഞ്ഞു. അത്രയും സുപ്രധാനമായ ഒരു രേഖ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ ഒരു സംഗതിയാണെന്നും ഏതെങ്കിലും കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കുന്നത് ഉചിതമായിരിക്കും എന്നും മാര്‍ത്താ‍ണ്ഡവര്‍മയുടെ മുമ്പില്‍ ഒരു നിര്‍ദ്ദേശം വച്ചു. ആ രേഖ വിദേശത്തേക്ക് കടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താനും അത്തരമൊരു അന്വേഷണം സഹായകമാകും എന്നും പറഞ്ഞിരുന്നു. മാര്‍ത്താണ്ഡവര്‍മ എന്നെ അനുഗ്രഹിച്ചു. എന്നാല്‍ അതിന് ശേഷം എന്നെ ഈ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യമുന്നയിക്കുകയാണ് മാര്‍ത്താണ്ഡവര്‍മ ചെയ്തത് - സി വി ആനന്ദബോസ് പറയുന്നു.

ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ വലിയ തോതില്‍ പുറത്തേക്ക് പോയിട്ടുണ്ട്. അതിന് പകരം മാതൃകവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ഒരു സ്വര്‍ണ പുല്ലാങ്കുഴലിന് പകരം വ്യാജമാതൃക വച്ചതായി ബോധ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ നിലവറകളുടെ താക്കോല്‍ സൂക്ഷിക്കുന്ന കാര്യത്തിലും വലിയ ക്രമക്കേട് മാര്‍ത്താണ്ഡവര്‍മ കാണിച്ചിരുന്നു. നിലവറകള്‍ക്ക് മൂന്ന് താക്കോലുകളാണ് ഉണ്ടായിരുന്നത്. ഇത് മൂന്ന് വ്യത്യസ്ത വ്യക്തികള്‍ സൂക്ഷിക്കണം എന്നാണ് ചട്ടം. എന്നാല്‍ മൂന്ന് താക്കോലുകളും മാര്‍ത്താണ്ഡവര്‍മ തന്നെയാണ് സൂക്ഷിച്ചിരുന്നത്. എല്ലാ നിലവറകളും മുമ്പ് തുറക്കപ്പെട്ടിട്ടുണ്ട് എന്നത് തീര്‍ച്ചയാണ്. ബി നിലവറയില്‍ വലിയതോതിലുള്ള സ്വര്‍ണശേഖരമുണ്ട് എന്നാണ് കരുതുന്നത്. അതില്‍ വലിയ അട്ടിമറികള്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട് - സി വി ആനന്ദബോസ് പറയുന്നു.

ഇതുസംബന്ധിച്ച് അന്ന് സുരക്ഷാചുമതലയുണ്ടായിരുന്ന അഡീഷണല്‍ ഡി ജി പി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സി വി ആനന്ദബോസ് ആരോപിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :