എസ്എഫ്ഐ നടത്തിയ അക്രമണം അൽപ്പം ക്രൂരമായി പോയി, തൽക്കാലം ഇടപെടുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

ഇപ്പോൾ ഇടപെടുന്നില്ല, സമയമാകട്ടെയെന്ന് വെള്ളാപ്പള്ളി

aparna shaji| Last Modified ചൊവ്വ, 18 ഏപ്രില്‍ 2017 (08:27 IST)
കറ്റാനം വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളെജിനെതിരായി വിദ്യാർത്ഥി സംഘടനകൾ നടത്തിയ
സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന ആരോപണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോളെജുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ പ്രശ്‌നങ്ങളുടെ പേരില്‍ സ്ഥാപനത്തിന്റെ പേരുമാറ്റാന്‍ നിര്‍ദേശിക്കില്ല. കോളെജ് തുടങ്ങിയപ്പോള്‍ മുതല്‍ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രശ്‌നങ്ങളുമായി രംഗത്തുണ്ടായിരുന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം തുടങ്ങിയപ്പോള്‍ കോളെജിനോട് എതിര്‍പ്പുളളവര്‍ അത് മുതലെടുത്തു. എസ്എഫ്‌ഐ നടത്തിയ അക്രമം അല്‍പ്പം ക്രൂരമായിപ്പോയെന്നും തത്കാലം വിഷയത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിലെ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജീനിയറിങ്ങ് കോളേജ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. അധികൃതരുടെ മാനസികമായ പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രകോപിതരായാണ് പ്രവർത്തകർ കോളെജ് തല്ലിതകർത്തത്.

കോളേജിലെ ജനല്‍ചില്ലുകളും സെക്യൂരിറ്റി ക്യാമറകളും ബസിന്റെ ചില്ലുകളും അടിച്ചുതകര്‍ത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് പ്രതിഷേധിച്ചു. സ്വഭാവ ദൂഷ്യമുണ്ടെന്നും, ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ വീട്ടില്‍ വിളിച്ച് പറഞ്ഞതാണ് വിദ്യാര്‍ത്ഥിയ്ക്ക് ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമെന്ന് സഹപാഠികള്‍ പറയുന്നു.

കോളെജ് തല്ലിത്തകർത്തതുമായി ബന്ധപ്പെട്ട് ഒമ്പത് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് അടക്കമുളളവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :