ഇനിമുതല്‍ ഞായറാഴ്ചയും ഡ്രൈ ഡേ! 10 വര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം!

ഉമ്മന്‍‌ചാണ്ടി, മദ്യം, ബാര്‍, വി എം സുധീരന്‍, ഹസന്‍, പ്രതാപന്‍
തിരുവനന്തപുരം| Last Updated: വ്യാഴം, 21 ഓഗസ്റ്റ് 2014 (17:54 IST)
കേരളത്തിലെ മദ്യപാനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് യു ഡി എഫ് സര്‍ക്കാര്‍. ഇനി മുതല്‍ ഞായറാഴ്ച മദ്യം ലഭിക്കില്ല. ഇതുവരെ എല്ലാ മാസവും ഒന്നാം തീയതി മാത്രമായിരുന്നു ഡ്രൈ ഡേ. ഇനി മുതല്‍ എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആയിരിക്കും. ഇതോടെ വര്‍ഷത്തില്‍ 52 ദിവസങ്ങള്‍ കൂടി ഡ്രൈ ഡേ ആയിരിക്കും.

ഇപ്പോള്‍ പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ ഇനി തുറക്കില്ല. മാത്രമല്ല, ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 312 ബാറുകള്‍ ഇനി തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ത്രീ സ്റ്റാര്‍ - ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പുതിയതായി ലൈസന്‍സ് നല്‍കില്ല. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമായിരിക്കും ഇനി മുതല്‍ മദ്യം ലഭ്യമാകുക. 2015 ഏപ്രില്‍ മുതലായിരിക്കും ഈ തീരുമാനം നടപ്പില്‍ വരുക.

ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്‌ലെറ്റുകള്‍ പുതിയതായി തുറക്കില്ല. ഓരോ വര്‍ഷവും 10 ശതമാനം ഔട്ട്‌ലെറ്റുകള്‍ നിര്‍ത്തലാക്കാനും യു ഡി എഫ് യോഗം തീരുമാനിച്ചു.

ബിവറേജസ് കോര്‍പ്പറേഷനുകള്‍ വഴി വില്‍ക്കുന്ന വീര്യം കൂടിയ മദ്യം കുറച്ചുകൊണ്ടുവരും. കള്ളിന്‍റെ ലഭ്യത, തൊഴിലാളികളുടെയും തെങ്ങിന്‍റെയും എണ്ണം എന്നിവ കണക്കാക്കി മാത്രമേ കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ.

ബാറുകള്‍ പൂട്ടിയിടുന്നത് മൂലം തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. 10 വര്‍ഷം കൊണ്ട് സമ്പൂര്‍ണമായ മദ്യനിരോധനമാണ് യു ഡി എഫ് സര്‍ക്കാരിന്‍റെ ലക്‍ഷ്യമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :