ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ച പ്രിയസഖിക്കായി രാഹുല്‍ കോടതിയിലേക്ക്

ആരുമറിയാതെ വിവാഹിതരായി, സത്യമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവളെ വിദേശത്തേക്ക് കടത്തി; നീതിക്കായി രാഹുല്‍ കോടതിയിലേക്ക്

കൊല്ലം| aparna| Last Modified വ്യാഴം, 27 ജൂലൈ 2017 (15:05 IST)
ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായ പൂജയുടെയും രാഹുലിന്റേയും കഥ ഓച്ചിറയില്‍ ചര്‍ച്ചയാകുന്നു. ഇരുവീട്ടുകാരുടെയും സമ്മതമില്ലാതെയാണ് ഇരുവരും വിവാഹിതരായത്. കാര്യമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവളെ വിദേശത്തേക്ക് കടത്തി. ഇപ്പോള്‍, തന്റെ ഭാര്യയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്.

തന്റെ ഭാര്യയെ കാണാനില്ലെന്നും വീട്ടു തടങ്കലിലാണെന്നും കാട്ടി രാഹുല്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. കോടതി ഉത്തരവിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ദുബായില്‍ ആണെന്ന് വിവരം ലഭിച്ചത്. എന്നാല്‍, പൂജ വിദേശത്തായതിനാല്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. പൂജയെ വിട്ടുകിട്ടാന്‍ കൂടുതല്‍ നടപടിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് രാഹുല്‍.

വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും മെയ് 23ന് മുതുകുളം പാണ്ഡവര്‍കാട് ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. അടുത്ത സുഹൃത്തുക്കള്‍ മാത്രമയിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹക്കാര്യം ഇരുവരും വീട്ടുകാരില്‍ നിന്നും മറച്ചുവെച്ചു. ഒന്നുമറിയാത്തത് പോലെ പെണ്‍കുട്ടി വീട്ടിലേക്കും മടങ്ങി.

വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി വിവാഹം നടന്ന സ്ഥലത്തെ പഞ്ചായത്തില്‍ അപേക്ഷ നല്‍കി. ഇരുവരും താമസിക്കുന്നത് മറ്റൊരു പഞ്ചായത്തില്‍ ആയിരുന്നു അന്വേഷണത്തിനായി ആളുകള്‍ പൂജയുടെ വീട്ടിലെത്തിയപ്പോഴാണ് മകളുടെ വിവാഹം കഴിഞ്ഞ കാര്യം മാതാപിതാക്കള്‍ അറിയുന്നത്.

വിവരമറിഞ്ഞ പൂജയുടെ അമ്മ, മകളെ ഹോസ്റ്റലില്‍ നിന്നും കൂട്ടിക്കൊണ്ട് വരികയായിരുന്നു. അമ്മ വന്ന കാര്യം പൂജ രാഹുലിനെ വിളിച്ചറിയിക്കുകയും ചെയ്തു. വിവാഹക്കാര്യം പൂജയുടെ വീട്ടുകാര്‍ അറിഞ്ഞെന്ന് മനസ്സിലാക്കിയ രാഹുല്‍ തന്റെ വീട്ടുകാരെ വിവരങ്ങള്‍ എല്ലാം അറിയിക്കുകയും അതിനുശേഷം പൂജയുടെ വീട്ടിലേക്ക് എത്തുകയും ചെയ്തു.

ഭര്‍ത്താവ് ഗള്‍ഫിലാണെന്നും എത്തിയാലുടന്‍ വിവാഹം നടത്താമെന്നും അമ്മ വാക്കു നല്‍കി. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ പൂജയെ വിദേശത്തേക്ക് കടത്തുകയായിരുന്നു. പൂജയെ കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ലാത്തതിനെ തുടര്‍ന്നാണ് രാഹുല്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :