ആത്മഹത്യ അല്ല കൊന്നതാണ്; വിനായകന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

പൊലീസ് കുടുങ്ങും?

തൃശൂര്‍| aparna| Last Modified ചൊവ്വ, 25 ജൂലൈ 2017 (07:46 IST)
സുഹൃത്തായ പെണ്‍കുട്ടിയോട് സംസാരിച്ച് നിന്നതിന് പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങേണ്ടി വന്ന വിനായകന്‍ എന്ന 19കാരന്‍ ഇന്നില്ല. പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ചെയ്യുകയായിരുന്നു. പൊലീസുകാര്‍ വിനായകനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പലരും പറഞ്ഞിരുന്നു. തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ ഇത് വെറും ആരോപണം മാത്രമാണെന്ന രീതിയില്‍ സര്‍ക്കാര്‍ അതിനെ കണ്ടു.

എന്നാല്‍, വിനായകന്റെ ആത്മഹത്യ വെറുമൊരു ആത്മഹത്യ അല്ല കൊലപാതകമാണെന്ന സംശയത്തെ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്ത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് വിനായകന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വിനായകന് ക്രൂരമര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പൊലീസിനും സര്‍ക്കാരിനും തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ വിനായകന്റെ ദേഹത്ത് ഉണ്ടായിരുന്നെന്നും കാലില്‍ ബൂട്ടിട്ട് ചവിട്ടിയതിന്റെ അടയാളങ്ങള്‍ ഉണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത വിനായകനെ പൊലീസ് മര്‍ദ്ദനത്തിന് ഇരയാക്കിയെന്ന് ആരോപണത്തെ സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

പൊലീസ് കസ്റ്റഡിയിലെ പീഡനം താങ്ങാനാവാതെ വീട്ടില്‍ തിരിച്ചെത്തിയ 19കാരനായ വിനായകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. യുവാവിന്റെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സ്റ്റേഷനിലെ ക്രൂര പീഡനങ്ങള്‍ പ്രദേശത്തെ സിപിഐഎം ഏരിയാ സെക്രട്ടറിയോടും വിനായകന്‍ വെളിപ്പെടുത്തിയിരുന്നു.

വിനായകന്‍ ആത്മഹത്യ ചെയ്തത് ചെയ്യാത്ത കുറ്റത്തിനേറ്റ ക്രൂരപീഡനത്തില്‍ മനംനൊന്താണെന്നാണ് ഒപ്പം കസ്റ്റഡിയിലായ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :