ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ കണ്ടെന്ന പ്രചാരണം; പൊലീസ് അന്വേഷണം ആരംഭിച്ചു

ഉപദ്രവിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങൾ കാണിച്ചുവെന്ന പ്രചാരണത്തില്‍ അന്വേഷണം തുടങ്ങി

കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2017 (08:00 IST)
നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ
പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. നടിയുടെ ദൃശ്യങ്ങള്‍ കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഫൊറന്‍സിക് വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേകുറിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

അതേസമയം, ഇത്തരത്തില്‍ തെറ്റായ പ്രചാരണം നടത്തിയത് അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണെന്നാണ് നിഗമനത്തിലായിരുന്നു പൊലീസ്. ഇതേ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പു തുടങ്ങിയത്.

ആരോപണം നേരിട്ട മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെയെല്ലാം മൊഴികള്‍ പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രചാരണം വസ്തുതാപരമല്ലെന്നു പൊലീസിനു ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. കേസിലെ പ്രതികള്‍ ഒളിപ്പിച്ച നിര്‍ണായക തൊണ്ടിമുതലുകള്‍ പലതും ഇതുവരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടുമില്ല.

അറസ്റ്റിലായ പ്രതികളെല്ലാം പൊലീസിനെ വഴിതെറ്റിക്കുന്ന തരത്തിലുള്ള മൊഴികളാണു പറയുന്നത്. ഈ സാഹചര്യത്തിലായിരുന്നു കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതായുള്ള പ്രചാരണമുണ്ടായത്. കേസില്‍ ലഭ്യമായ ഇത്തരം ദൃശ്യങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവ ചോര്‍ന്നു എന്ന ആരോപണമായിരുന്നു ഉണ്ടായിരുന്നത്.

ക്ലാസ്മുറിയില്‍ ദൃശ്യങ്ങള്‍ കാണാനിടയായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തന്നെയാണ് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചത് എന്ന തരത്തിലായിരുന്നു പ്രചാരണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള ദൃശ്യങ്ങളൊന്നും കാണിച്ചിട്ടില്ലെന്നു വിദ്യാര്‍ഥികളും ക്ലാസ് നയിച്ച അധ്യാപകനും അന്വേഷണസംഘത്തിനു മുന്നില്‍ മൊഴി നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :