ആ വീഡിയോ ദൃശ്യം തെറ്റ്, കുമ്മനത്തിന്‍റെ കള്ളപ്രചരണം ഒരു രാഷ്ട്രീയനേതാവിന് ചേര്‍ന്നതല്ല: പി ജയരാജന്‍

P Jayarajan, Kummanam, RSS, Kannur, Biju, പി ജയരാജന്‍, കുമ്മനം, ആര്‍ എസ് എസ്, കണ്ണൂര്‍, ബിജു
കണ്ണൂര്‍| BIJU| Last Modified ശനി, 13 മെയ് 2017 (21:11 IST)
കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് സി പി എം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യം തെറ്റാണെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നടത്തുന്ന ഇത്തരം കള്ള പ്രചാരണം ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ലെന്നും ജയരാജന്‍ പറഞ്ഞു.

എവിടെയോ നടന്ന ഒരു ഘോഷയാത്രയാണ് സി പി എം പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. ഈ വീഡിയോ പ്രചരിപ്പിക്കുന്ന കുമ്മനത്തിന് ഇത് എവിടെ നടന്നതാണെന്നുകൂടി വ്യക്തമാക്കാനുള്ള ബാധ്യതയുണ്ട്. ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്ത ഏതോ ഒരു ഘോഷയാത്രയുടെ വീഡിയോ ആണത്. അതില്‍ എന്തെങ്കിലും തരത്തിലുള്ള മുദ്രാവാക്യം വിളിക്കുന്നതായും കാണുന്നില്ല - ജയരാജന്‍ പറഞ്ഞു.

കണ്ണൂരിലെ കൊലപാതകത്തെ അപലപിക്കുന്നതായും അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും പാര്‍ട്ടി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് പാര്‍ട്ടിയുടെ നിലപാട്. അത്തരമൊരു സാഹചര്യത്തില്‍ യാതൊരു ആധികാരികതയും ഇല്ലാത്ത ഒരു വിഡിയോ ദൃശ്യം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത് - ജയരാജന്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :