ആ രഹസ്യം കണ്ടെത്താന്‍ മണിയുടെ സ്വന്തം സിനിമാക്കാര്‍ പോലും ശ്രമിച്ചില്ല, ഇന്നത്തെ ആവേശം അന്നും കാണിച്ചിരുന്നുവെങ്കില്‍...

ദിലീപ് കേസില്‍ കൈയടി നേടുന്ന കേരള പോലീസ് പറയാന്‍ ആകുമോ മണിയുടെ മരണത്തിന്റെ രഹസ്യം?

aparna| Last Modified ബുധന്‍, 12 ജൂലൈ 2017 (08:23 IST)
കേരള പൊലീസിന് ഒരു പൊന്‍‌തൂവല്‍ തന്നെയാണ് നടന്‍ ദിലീപിന്റെ അറസ്റ്റ്. നടി ആക്രമിക്കപ്പെട്ടതുമുതല്‍ കേള്‍ക്കുന്ന പഴിയാണ് ഒരൊറ്റ ദിവസം കൊണ്ട് കേരള പൊലീസ് നീക്കിയത്. ഇതിലൂടെ പിണറായി സര്‍ക്കാരില്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് പൂര്‍ണമായും വിശ്വസം അര്‍പ്പിക്കാമെന്ന് ഉറപ്പ്. എത്ര വലിയവനാണെങ്കിലും അവന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അനുഭവിച്ചിരിക്കുമെന്ന ബോധ്യം ഇതോടെ മനസ്സിലാകുന്നു.

എന്നാല്‍, സിനിമാക്കാരും പൊലീസും ഇപ്പോള്‍ കാണിച്ച ശുഷ്കാന്തി നടന്‍ കലാഭവന്‍ മണിയുടെ കാര്യത്തിലും കാണിച്ചിരുന്നുവെങ്കില്‍... നടിയുടെ കേസ് തെളിയിച്ച പൊലീസിന് അതിനു സാധിക്കില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ?. മണിയുടെ മരണത്തില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനുശേഷവും കാരണമോ കാരണക്കാരെയോ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുന്ന കാഴ്ചയാണ് കണ്ടത്. മണിയുടെത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ പോലും വ്യക്തത വന്നിട്ടില്ല.

മണി കൊല്ലപ്പെട്ടതു തന്നെയാവാമെന്നാണ് കുടുംബാംഗങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നത്. മണിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു.ചിലരെ നുണപരിശോധനയ്ക്ക് വിധേയരാക്കി. എന്നിട്ടും ഒന്നും ലഭിച്ചില്ല. അന്ന് സിനിമാക്കാര്‍ ആരും മുന്നോട്ടിറങ്ങി വന്നില്ല. സിനിമാ മേഖലയില്‍ മണിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിര്‍ഷയും. എന്തിന് അധികം പറയുന്നു, ഇവര്‍ പോലും മരണത്തിന്റെ കാരണമറിയാന്‍ ഓടിനടന്നില്ലെന്നതാണ് വസ്തുത.

സത്യത്തിലേയ്ക്ക് നയിക്കുന്ന ഒരു തുമ്പും അന്വേഷണോദ്യോഗസ്ഥര്‍ക്ക് ലഭിച്ചില്ല. ഒടുവില്‍ കേസ് സിബിഐക്ക് വിട്ടു. പൊലീസിന് കണ്ടെത്താന്‍ കഴിയാത്തത് സിബിഐക്ക് കഴിയുമെന്ന് കരുതി. എന്നാല്‍, അതും ഉണ്ടായില്ല. മണിയുടെ സ്വന്തം സിനിമാക്കാര്‍ പോലും അതിനുള്ള ആവേശം കാണിച്ചില്ല. മണി ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ പിന്തുണയ്ക്കുമായിരുന്നുവെന്ന്, പോലീസ് ചോദ്യംചെയ്യലിനുശേഷം നാദിര്‍ഷ ഒരു വൈകാരികമായൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. എന്നാല്‍, ഈ നാദിര്‍ഷയും ദിലീപും പോലും മണിയുടെ മരണത്തെക്കുറിച്ച് വ്യക്തമായി അന്വേഷിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :