അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥി വേണ്ട; പ്രചരണം നടക്കട്ടെയെന്ന് കോടിയേരി

അരുവിക്കര| JOYS JOY| Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (10:02 IST)
സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചിട്ടില്ലെങ്കിലും ഉപതെരഞ്ഞെടുപ്പിനുള്ള പ്രചരണം മണ്ഡലത്തില്‍ നടക്കട്ടെയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയെരി ബാലകൃഷ്‌ണന്‍. ആര്യനാട് ചേര്‍ന്ന സി പി എം പ്രവര്‍ത്തകസമിതി യോഗത്തിലാണ്
സംസ്ഥാനസെക്രട്ടറി നിര്‍ദ്ദേശം നല്കിയത്.

ഉപതെരഞ്ഞെടുപ്പില്‍ ബാര്‍കോഴയും നിയമസഭയിലെ കയ്യാങ്കളിയും പ്രധാന പ്രചരണായുധമാക്കാനാണ് സി പി എം ആലോചിക്കുന്നത്.
കഴിഞ്ഞ ഇരുപത്തിനാലു വര്‍ഷമായി കോണ്‍ഗ്രസ് വിജയിച്ചു വരുന്ന മണ്ഡലമാണ് അരുവിക്കര. ഇടതുമുന്നണിയില്‍ ആര്‍ എസ് പി മത്സരിച്ചിരുന്ന സീറ്റ് ആയിരുന്നു ഇത്. എന്നാല്‍, ആര്‍ എസ് പി ഇടതുമുന്നണി വിട്ട് യു ഡി എഫിലേക്ക് എത്തിയതോടെ അരുവിക്കര സീറ്റ് സി പി എം ഏറ്റെടുക്കുകയായിരുന്നു. അതുകൊണ്ടു തന്നെ സി പി എമ്മിന് ഇത് അഭിമാനപ്പോരാട്ടം കൂടിയാണ്.

ബൂത്തുതലം മുതല്‍ സംഘടനാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും വീടുകള്‍ തോറും കയറി തെരഞ്ഞെടുപ്പ് പ്രചരണം നടത്താനുമാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‌കിയിരിക്കുന്നത്. അതേസമയം, അന്തരിച്ച ജി കാര്‍ത്തികേയന്റെ ഭാര്യ ഡോ സുലേഖയാണ് അരുവിക്കരയില്‍ കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കുന്നതെങ്കില്‍ സി പി എമ്മും വനിതാസ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :