അമൃതയ്ക്കെതിരെ കേസെടുത്ത മജിസ്ട്രേറ്റിനെ സ്ഥലം മാറ്റി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
അസഭ്യം പറഞ്ഞതിന് യുവാക്കളെ ആക്രമിച്ച കോളജ് വിദ്യാര്‍ഥിനി അമൃതയ്ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട മജിസ്ട്രേറ്റിനെ സ്ഥലം മാറ്റി. തിരുവനന്തപുരം സിജെഎം കോടതി മൂന്നിലെ മജിസ്ട്രേറ്റായിരുന്ന പി എ രാമചന്ദ്രനെയാണ്‌ മൊബൈയില്‍ കോടതിയിലേക്ക്‌ സ്ഥലം മാറ്റിയത്‌. മൊബൈയില്‍ കോടതി ജഡ്ജിയെ സിജെഎം കോടതിയില്‍ രാമചന്ദ്രന്‌ പകരക്കാരനായും നിയമിച്ചിട്ടുണ്ട്‌.

ഹൈക്കോടതി രജിസ്ട്രാര്‍ ഫാക്സ്‌ സന്ദേശത്തിലൂടെയാണ്‌ സ്ഥലംമാറ്റക്കാര്യം അറിയിച്ചത്‌. അമൃതക്കെതിരെ കേസെടുക്കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് വിവാദമായിരുന്നു. ഇതിനെതിരേ വിവിധ കോണുകളില്‍ നിന്ന്‌ വിമര്‍ശനവും ഉയര്‍ന്നിരുന്നു. മജിസ്ട്രേറ്റിന്റെ തീരുമാനത്തില്‍ നിയമവീഴ്ചയുണ്ടെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനിടയിലാണ് സ്ഥലം മാറ്റം.

മര്‍ദ്ദനമേറ്റ യുവാക്കളുടെ പരാതിയിലാണ് അമൃതയ്ക്കെതിരെ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടത്. അമൃതയ്ക്കും അച്ഛന്‍ മോഹന്‍കുമാറിനും കണ്ടാലറിയാവുന്ന മറ്റ്‌ മൂന്നു പേര്‍ക്കുമെതിരേ കേസെടുക്കാനായിരുന്നു ഉത്തരവ്‌.

വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. വണ്‍ ബില്യണ്‍ റൈസിംഗില്‍ പങ്കെടുത്ത് മടങ്ങവെ തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിലെത്തിയപ്പോഴാണ് വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ഇതിനിടയില്‍ യുവാക്കള്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും അസഭ്യം പറയുകയും ഇതില്‍ ക്ഷുഭിതയായ പെണ്‍കുട്ടി നാലംഗ സംഘത്തെ ആക്രമിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ മൂക്കിന്‌ പരുക്കേറ്റ അനൂപ്‌ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, സര്‍ക്കാര്‍ വാഹനം തടഞ്ഞു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ്‌ അമൃതയുള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.

ഐടി അറ്റ്‌ സ്കൂളിന്‍റെ ഔദ്യോഗിക വാഹനത്തിലെ കരാര്‍ ഡ്രൈവര്‍മാരായിരുന്നു മനോജും അനൂപും‌. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഇവരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.

ചിത്രത്തിന് കടപ്പാട് എന്‍ ഡി ടി വി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :