അജയകുമാറിനെ തിരിച്ചെടുത്തു

പാലക്കാട്| M. RAJU| Last Modified തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (16:56 IST)
എസ്.അജയകുമാര്‍ എം.പിയെ സി.പി.എം ഒറ്റപ്പാലം എര്യാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാന സമ്മേളന പ്രതിനിധിയായും അജയകുമാറിനെ തെരെഞ്ഞെടുത്തിട്ടുണ്ട്.

പോളിറ്റ് ബ്യൂറോയുടെയും സംസ്ഥാന കമ്മിറ്റിയുടെയും നിര്‍ദ്ദേശം അംഗീകരിച്ചാണ് അജയകുമാറിനെ ഏര്യാ കമ്മിറ്റിയിലേക്കും സംസ്ഥാന സമ്മേളന പ്രതിനിധിയായും തെരെഞ്ഞെടുത്തത്. ഔദ്യോഗിക വിഭാഗത്തില്‍ നിലവിലുള്ള ജില്ലകമ്മിറ്റിയംഗം എം. വാമനനെ ഏര്യാ കമ്മിറ്റിയില്‍ നിന്നും ഒറ്റപ്പാലം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് മനോഹരനെ ജില്ലാസമ്മേളന പ്രതിനിധികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയാണ് എസ്. അജയകുമാറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ നടന്ന സമ്മേളനത്തില്‍ അജയകുമാറിനെ ഉള്‍പ്പെടുത്താതെ പാനല്‍ അവതരിപ്പിച്ച നടപടിക്കെതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശ പ്രകാരം ഇന്ന് ചേര്‍ന്ന ഏര്യാ കമ്മിറ്റി പ്രതിനിധികളുടെയും ജില്ലാ സമ്മേളന പ്രതിനിധികളുടെയും യോഗം എസ്. അജയകുമാറിനെ തിരിച്ചെടുത്തത് അംഗീകരിക്കുകയായിരുന്നു.

പാലക്കാട്, മുണ്ടൂര്‍ ഏര്യാ കമ്മിറ്റികളിലും സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ച അളുകളെ ഉള്‍പ്പെടുത്തി ഏര്യാ കമ്മിറ്റി പുനസംഘടിപ്പിച്ചിട്ടുണ്ട്. സി.ഐ.ടി.യു ജില്ലപ്രസിഡന്‍റ് എം.എസ്. സ്കറിയ, ജില്ലാ ജോയിന്‍റ് സെക്രട്ടറി സെയ്തലവി എന്നീ ഔദ്യോഗിക പക്ഷ നേതാക്കളെ ഉള്‍പ്പെടുത്തിയാണ് പാലക്കാട് ഏര്യാ കമ്മിറ്റി പുനസംഘടിപ്പിച്ചത്.

വലിയങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സോമനാഥന്‍, മഹിളാ അസോസിയേഷന്‍ നേതാവ് കമലാ ജി.മേനോന്‍ എന്നിവരാണ് ഔദ്യോഗിക പക്ഷക്കാരെ ഉള്‍പ്പെടുത്തിയപ്പോള്‍ പുറത്തായ വി.എസ്. പക്ഷക്കാര്‍. എം.എസ് സ്കറിയ നേരത്തെ നടന്ന സമ്മേളനത്തില്‍ മത്സരിച്ച് പരാജയപ്പെട്ടയാളും സെയ്തലവി പാനലില്‍ ഉള്‍പ്പെടാത്ത ആളുമായിരുന്നു.

മുണ്ടൂര്‍ ഏര്യാ കമ്മിറ്റിയില്‍ ഔദ്യോഗിക പക്ഷത്ത് നിന്നുമുള്ള ഏര്യാകമ്മിറ്റി അംഗം അച്യുതന്‍, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്‍റ് എല്‍.ഇന്ദിര എന്നിവരെ ജില്ലാ സമ്മേളന പ്രതിനിധികളായി തെരെഞ്ഞെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :