മന്ത്രിപദത്തില്‍ നിന്നും എം എം മണി പുറത്തേക്കോ ?

മണിക്കു പിന്നില്‍ ഉറച്ച്‌ പാര്‍ട്ടി

mm mani, ep jayarajan, ancheri baby murdercase, pinarayi vijayan എം എം മണി, ഇ പി ജയരാജന്‍,  അഞ്ചേരി ബേബി വധക്കേസ്, പിണറായി വിജയന്‍
സജിത്ത്| Last Updated: തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (14:08 IST)
അഞ്ചേരി ബേബി വധക്കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന്‌ ഒഴിവാക്കണമെന്ന എം എം മണി നല്‍കിയ ഹര്‍ജി തള്ളിയെങ്കിലും അദ്ദേഹത്തിന്റെ മന്ത്രിസ്‌ഥാനം തെറിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചന. മണിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം ബഹളം തുടങ്ങിയെങ്കിലും രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന് ഇതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.

പ്രതിപ്പട്ടികയിലുള്ളപ്പോള്‍ തന്നെയായിരുന്നു മണി ഉടുമ്പന്‍ചോലയില്‍ നിന്നും മത്സരിച്ച് ജയിച്ചത്.
പിന്നീട്‌ ഇ.പി.ജയരാജന്‍ രാജിവെച്ച ഒഴിവിലേക്കായിരുന്നു മന്ത്രിയായി മണി എത്തപ്പെട്ടത്. പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യമുന്നയിച്ച് മണി സമര്‍പ്പിച്ച ഹര്‍ജി തള്ളുക മാത്രമാണ്‌ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്‌ എന്നാണ്‌ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്‌.

എം എം മണി മന്ത്രി സ്ഥാനം രാജി വക്കേണ്ടതില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടത്‍. മന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് കേസില്‍ വിചാരണ നേരിടുന്നതില്‍ ഒരു തെറ്റുമില്ലെന്നും കാനം പറഞ്ഞു. കൂടാതെ മണക്കാട്‌ പ്രസംഗം നിലനില്‍ക്കുന്നതല്ലെന്ന്‌ കോടതി തന്നെ വിധിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ രാജിവയ്‌ക്കേണ്ട അവസ്‌ഥ നിലവില്‍ ഇല്ലെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അതേസമയം, ഇവിടെ ഹൈക്കോടതിയും സുപ്രീംകോടതിയുമുണ്ട്. കേസിനെ ഒറ്റയ്ക്ക് തന്നെ നേരിടും. നിയമപരമായി ഉള്ളതിനെ നിയമപരമായിട്ടും രാഷ്‌ട്രീയപരമായിട്ടുള്ളതിനെ രാഷ്‌ട്രീയപരമായും നേരിടും. കേസുമായി ഒറ്റയ്ക്ക് തന്നെ മുന്നോട്ടു പോകും. കോടതി എന്തു പറഞ്ഞാലും അടുത്ത കോടതിയെ സമീപിക്കും. ഹർജി തള്ളിയതുകൊണ്ട് തന്‍റെ രോമത്തിൽ പോലും തൊടാനാകില്ലെന്നുമാണ് മണി ഇതിനോട് പ്രതികരിച്ചത്.

എന്തായാലും വരും നാളുകളില്‍ മണിയാശാന്റെ രാജിക്കുവേണ്ടിയുള്ള മുറവിളി ശക്തമാകും. അതിനെ എത്രമാത്രം പ്രതിരോധിക്കാന്‍ സി പി എമ്മിനും മുഖ്യമന്ത്രിക്കും കഴിയുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. ജയരാജന്‍റെ വഴിതടഞ്ഞുകൊണ്ട് മണിയെ മന്ത്രിയാക്കി അധികനാള്‍ കഴിയും മുമ്പേ മണിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധി ജയരാജന്‍റെ ശാപമാണെന്നാണ് വിശ്വാസികളായ കമ്യൂണിസ്റ്റുകള്‍ പോലും കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :