പിണറായിക്ക് ശേഷം ആര്?

തിരുവനന്തപുരം| Last Modified തിങ്കള്‍, 21 ജൂലൈ 2014 (08:46 IST)
പിണറായി വിജയനുശേഷം ആരാകും സംസ്ഥാന സെക്രട്ടറിയെന്നത് സംബന്ധിച്ച് സിപിഎമ്മില്‍ ചര്‍ച്ചകള്‍ സജീവം. അടുത്ത സംസ്ഥാനസമ്മേളനശേഷം കേരളത്തില്‍ പാര്‍ട്ടിക്ക് പുതിയ സെക്രട്ടറിയുണ്ടാകുമെന്ന് പിണറായി തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ സജീവമായത്.

നിയമസഭാകക്ഷി ഉപനേതാവായിരിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ സ്വാഭാവികമായും സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്താനാണ് സാധ്യത. എന്നാല്‍ പ്രാദേശികസംതുലനമെന്ന ആശയം ദക്ഷിണകേരളത്തിലെ ഒരുവിഭാഗം പാര്‍ട്ടി നേതാക്കളെങ്കിലും മുന്നോട്ടുവെയ്ക്കുന്നുണ്ട്. പാര്‍ട്ടി സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ഉത്തരകേരളത്തില്‍ നിന്നാകുന്ന സാഹചര്യമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി, കേന്ദ്രക്കമ്മറ്റി അംഗം വൈക്കം വിശ്വന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എകെ ബാലന്‍, എംവി ഗോവിന്ദന്‍ എന്നിവരുടെ പേരുകളും സജീവമാണ്.

അടുത്ത പാര്‍ട്ടികോണ്‍ഗ്രസിനുശേഷം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാറുമെന്ന്‌ പൊളിറ്റ് ബ്യൂറോ അംഗമായ സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. കോഴിക്കോട്ടു നടന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലാണ് പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ തുടര്‍ച്ചയായ മൂന്നുതവണയെന്ന പരിധി നിശ്ചയിച്ചത്. 1998 മുതല്‍ സെക്രട്ടറിയായി തുടരുന്ന് പിണറായി വിജയന്‍ 2015 ലെ പാര്‍ട്ടികോണ്‍ഗ്രസ്സോടെ സ്ഥാനമൊഴിയുമെന്ന കാര്യം വ്യക്തമാണ്. പാര്‍ലമെന്ററി മോഹവും പിണറായിയെ ഈ നടപടിക്ക് പ്രേരിപ്പിക്കുന്ന ഘടകമാണ്

കണ്ണൂരിലെ ധര്‍മടം, തലശേരി എന്നീ മണ്ഡലങ്ങളിലൊന്നില്‍ നിന്നായിരിക്കും അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുക എന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ പ്രതിപക്ഷനേതാവായ വി എസ് അച്യുതാനന്ദന്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പോടെ പാര്‍ലമെന്ററി രംഗത്തുനിന്ന് ഒഴിവായി സംഘടനാ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാനാണ് സാധ്യത.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :