ബഹുനില കെട്ടിടം: കളക്‌ടര്‍ക്കെതിരെ മുഖ്യമന്ത്രി; കാര്യങ്ങള്‍ ബോധിപ്പിക്കുമെന്ന് കളക്‌ടര്‍

കോഴിക്കോട്| JOYS JOY| Last Modified വ്യാഴം, 2 ജൂലൈ 2015 (15:21 IST)
ജില്ലയില്‍ ബഹുനിലകെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വയനാട് കളക്‌ടറുടെ ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബുധനാഴ്ചയാണ് ബഹുനിലകെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി വയനാട് ജില്ല കളക്‌ടര്‍ കേശവേന്ദ്ര കുമാര്‍ ഐ എ എസ് ഉത്തരവിറക്കിയത്. ഭൂകമ്പം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്ത സാധ്യത മുന്‍നിര്‍ത്തിയായിരുന്നു കളക്‌ടറുടെ ഉത്തരവ്.

എന്നാല്‍, ബഹുനില മന്ദിരം പാടില്ലെന്ന സമീപനം സര്‍ക്കാരിന് ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സ്ഥലപരിമിതിയുള്ള കേരളത്തില്‍ ബഹുനിലമന്ദിരം പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സുരക്ഷ കാരണങ്ങളാല്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് നല്‌കിയിട്ടില്ലെന്നും കളക്‌ടര്‍ വ്യക്തമാക്കി.

അതേസമയം, വിശദാംശങ്ങള്‍ മുഖ്യമന്ത്രിക്കും മറ്റും അയച്ചിട്ടുണ്ടെന്ന് കേശവേന്ദ്രകുമാര്‍ ഐ എ എസ് വ്യക്തമാക്കി. ഉത്തരാഖണ്ഡ്, പുനെ, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടായ വന്‍ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഉത്തരവെന്ന് കളക്‌ടര്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :