അറുപത്തിയെട്ട് പഞ്ചായത്തുകളില്‍ ഹോമിയോ ഡിസ്‌പെന്‍സറികള്‍ തുടങ്ങും : മന്ത്രി വിഎസ് ശിവകുമാര്‍

തിരുവനന്തപുരം| vishnu| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (18:41 IST)
ഹോമിയോ ചികിത്സാ കേന്ദ്രങ്ങളില്ലാത്ത സംസ്ഥാനത്തെ അറുപത്തിയെട്ട് പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഹോമിയോ, ആയുര്‍വേദം, സിദ്ധ, യുനാനി വിഭാഗങ്ങളിലായി സംസ്ഥാനത്ത് ജോലി ചെയ്യുന്ന 750 എന്‍എച്ച്എം ആയുഷ് ഡോക്ടര്‍മാരുടെ ശമ്പളം പത്ത് ശതമാനം വര്‍ധിപ്പിക്കാനും നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്, ആയുഷ് ഡോക്ടര്‍മാരുടെ സംസ്ഥാനതല തുടര്‍വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പുതിയ പഞ്ചായത്തുകള്‍ നിലവില്‍വന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഡിസ്‌പെന്‍സറികള്‍ തുടങ്ങുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ 33 ഹോമിയോ ആശുപത്രികളും 1123 ഡിസ്‌പെന്‍സറികളുമുണ്ട്. അമ്മയും കുഞ്ഞും എന്ന പേരിലുള്ള ഹോമിയോ വന്ധ്യതാ ചികിത്സാ പദ്ധതി കണ്ണൂരില്‍ വന്‍ വിജയമായ സാഹചര്യത്തില്‍ അത് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ആദ്യഘട്ടത്തില്‍ കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങും. രാജ്യത്തിനൊട്ടാകെ മാതൃകയാക്കാവുന്ന പദ്ധതിയാണ് അമ്മയും കുഞ്ഞുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

പകര്‍ച്ചവ്യാധി പ്രതിരോധ മേഖലയില്‍ ഹോമിയോപ്പതിയുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. അതിനാല്‍ ഇതു സംബന്ധിച്ച ബോധവത്ക്കരണം വ്യാപകമാക്കും. സംസ്ഥാനത്തെ ഹോമിയോ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് ആവശ്യാനുസരണം മരുന്നുകള്‍ ലഭ്യമാക്കുന്നതിന്, ഹോംകോ (കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാര്‍മസി) യുടെ ഔഷധ നിര്‍മ്മാണകേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :