വിഎസിനെ ശിഖണ്ഡിയാക്കി പിണറായി യുദ്ധം ചെയ്യുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍

അടിമാലി| JOYS JOY| Last Modified ഞായര്‍, 4 ഒക്‌ടോബര്‍ 2015 (15:34 IST)
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ ശിഖണ്ഡിയാക്കി പിണറായി വിജയന്‍ യുദ്ധം ചെയ്യുകയാണെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ എസ് എന്‍ ഡി പി രാഷ്‌ട്രീയവിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി എസിന്റെ പോരുകോഴിയാക്കി ഈഴവരെ വീഴ്ത്താനാണ് സി പി എം നീക്കം. അധികാരത്തിലെത്താന്‍ സി പി എം എന്തും ചെയ്യും. ഈഴവനെ തകര്‍ക്കാന്‍ പിണറായിയും അച്യുതാനന്ദനും ഒന്നിച്ചെത്തുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശത്രുവായ വി എസിനെ സി പി എം ഇറക്കിവിട്ടിരിക്കുന്നത് തന്നെ തെറി പറയുന്നതിനു വേണ്ടി മാത്രമാണ്.
ഈ ശ്രമങ്ങള്‍ വിലപ്പോവില്ല. ഈഴവന് മാത്രം ജാതി പറയാന്‍ പാടില്ലെന്നും ബാക്കി എല്ലാവര്‍ക്കും ജാതി പറയാമെന്നുമാണ് എല്ലാവരുടെയും നിലപാടെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.

മുസ്ലിംലീഗ് ഒരു സമുദായത്തിന്റെ മാത്രം പാര്‍ട്ടിയാണ്. കേരള കോണ്‍ഗ്രസ് ക്രിസ്ത്യാനികളുടെ പാര്‍ട്ടിയാണ്. തൃശൂര്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് എന്ന പേരിലും കാന്തപുരം സുന്നി വിഭാഗവും പാര്‍ട്ടി രൂപീകരിക്കാന്‍ പോകുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍, ഇതില്‍ ആര്‍ക്കും പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :