സോളാര്‍ കേസില്‍ വിഎസിന്റെ നിലപാട് പാര്‍ട്ടിയുടേതല്ലെന്ന് പിണറായി വിജയന്‍

കൊച്ചി| JOYS JOY| Last Modified ബുധന്‍, 1 ജൂലൈ 2015 (17:46 IST)
സോളാര്‍ തട്ടിപ്പിനെക്കുറിച്ച് പുതിയ ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഒരു കേസില്‍ സരിതയെയും ബിജു രാധാകൃഷ്‌ണനെയും കോടതി ശിക്ഷിച്ചു.

മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരെക്കുറിച്ച്‌ ജുഡിഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കുന്നുണെന്നും ഈ സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സിയുടെയോ ദേശീയ ഏജന്‍സിയുടെയോ അന്വേഷണം ആവശ്യമില്ലെന്നും പിണറായി പറഞ്ഞു. സോളാര്‍ കേസ് സി ബി ഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആവശ്യം പാര്‍ട്ടിയുടേത് അല്ലെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ വിശദാംശങ്ങള്‍ പാര്‍ട്ടിക്ക്‌ അറിയില്ല. ഇക്കാര്യത്തില്‍ വി എസ് സ്വീകരിച്ച നിലപാട്‌ പാര്‍ട്ടിയുടേത് ആയിരുന്നില്ല. അത്തരത്തിലൊരു നിലപാട്‌ പാര്‍ട്ടി കൈക്കൊണ്ടിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

ജയില്‍ ഡി ഐ ജി ഗോപകുമാര്‍ സരിതയെ അട്ടക്കുളങ്ങര ജയിലില്‍ ചെന്നു കണ്ടാണ്‌ മൊഴിമാറ്റത്തിനു വഴിയൊരുക്കിയത്‌. സരിതയുടെ 21 പേജുള്ള മൊഴി അട്ടിമറിച്ചതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സരിതയുടെ മൊഴിമാറ്റം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :