'മോഡി മോഡല്‍' ജനാധിപത്യത്തിന് തീരാക്കളങ്കം: സുധീരന്‍

Narendra Modi, V M Sudheeran, BJP, Congress, CPM, നരേന്ദ്രമോദി, വി എം സുധീരന്‍, ബിജെപി, കോണ്‍ഗ്രസ്, സിപി‌എം
തിരുവനന്തപുരം| BIJU| Last Modified വെള്ളി, 9 മാര്‍ച്ച് 2018 (21:51 IST)
ത്രിപുരയിലും നാഗാലാന്‍ഡിലും മേഘാലയയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാധാന്യവും പ്രസക്തിയും ചോര്‍ന്നു പോയി എന്ന് പ്രചരിപ്പിക്കാന്‍ ബിജെപി നേതൃത്വവും കേരളത്തിലെ സിപിഎം നേതാക്കളും പരസ്പരം മത്സരിക്കുന്ന വിചിത്രമായ സ്ഥിതിവിശേഷമാണ് കാണുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍.

തീര്‍ച്ചയായും ത്രിപുരയില്‍ കോണ്‍ഗ്രസിനേറ്റ കനത്ത ആഘാതത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം സത്യസന്ധമായ പരിശോധന നടത്തണം. പാളിച്ചകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിലയില്‍ തന്നെ തിരുത്തണം. സമയബന്ധിതമായ നിലയില്‍ പ്രവര്‍ത്തന പരിപാടികള്‍ നടപ്പിലാക്കാന്‍ കഴിയുന്ന ആത്മാര്‍ത്ഥതയുള്ള ഒരു നേതൃനിരയെയും അണികളെയും വാര്‍ത്തെടുക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഈ നിലയില്‍ മുന്നോട്ടുപോയാല്‍ അവിടെ ശക്തമായി തിരിച്ചുവരാന്‍ കോണ്‍ഗ്രസിനാകും. ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യാപകമായ അക്രമങ്ങള്‍ നടത്തുക വഴി തങ്ങളെ വിജയിപ്പിച്ച ജനങ്ങളെ തന്നെ ബിജെപി നിരാശരാക്കിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച് ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി സംസ്ഥാനഭരണം മേഘാലയയില്‍ പിടിച്ചെടുത്ത 'മോഡി മോഡല്‍' ജനാധിപത്യത്തിന് തീരാക്കളങ്കമാണ് വരുത്തിയത്. ജനഹിതമല്ല, കേന്ദ്ര ഭരണാധികാരം ആണ് മേഘാലയയില്‍ മേല്‍ക്കോയ്മ നേടിയത് എന്നും അദ്ദേഹം ആരോപിച്ചു.

കര്‍ണാടകത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് ബിജെപി/സിപിഎം നേതൃത്വത്തിന് കൃത്യമായ മറുപടിയാകും. കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലുള്ള മുന്നേറ്റം പ്രകടമാക്കുന്ന ഒന്നായിരിക്കും അതെന്ന് നിസ്സംശയം പറയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :